ന്യൂനമര്‍ദം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷാ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ സംസ്ഥാനത്തു വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. കേരളത്തിന്റെ ചില ജില്ലകളില്‍ മഴ ശക്തമാകുമെന്നും,വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദപാത്തി നിലവിലുള്ളതും ശക്തമായ മഴയ്ക്ക് കാരണമായേക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ ഏഴുമുതല്‍ 11 വരെ സെന്റീ മീറ്റര്‍ മഴപെയ്യാൻ സാധ്യത. ബുധനാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്‌തേക്കും. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക തീരത്ത് ശക്തമായ കാറ്റടിക്കാമെന്നതിനാല്‍ ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.