• Breaking News

    കോലം വരച്ച് പ്രതിഷേധം വ്യാപിക്കുന്നു; പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്, രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

    Protest spreads by drawing columns; Police and two journalists arrested in connection with the case,www.thekeralatimes.com


    ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ കോലംവരച്ച് പ്രതിഷേധം വ്യാപകമാകുന്നു. എന്നാല്‍ സമരക്കാർക്കെതിരെ നടപടികൾ ആരംഭിച്ച് പൊലീസും. കോലമെഴുതി പ്രതിഷേധിച്ചവരെ ചെന്നൈയിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ രണ്ട് മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം ദക്ഷിണേന്ത്യ മുഴുവൻ പ്രക്ഷോഭം വ്യാപിക്കുകയാണ്.

    പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലെ,ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ വാർത്ത ശേഖരിക്കാൻ പോയവർക്കെതിരെയാണ് നടപടി. ജൂനിയർ വികടൻ മാസികയിലെ റിപ്പോർട്ടർ സിന്ധു , ഫോട്ടോഗ്രാഫർ രാംകുമാർ എന്നിവർക്ക് എതിരെയാണ് കേസ്. അഭയാർത്ഥി ക്യാമ്പിൽ അതിക്രമിച്ച് കയറിയെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിലാണ് കന്യാകുമാരി പൊലീസ് കേസ് എടുത്തത്. മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡി ജി പി ജി.കെ. ത്രിപാഠി അറിയിച്ചു.

    പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധങ്ങളിൽ കാര്യമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം കോലമെഴുതി പ്രതിഷേധിച്ച ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മാധ്യമ പ്രവർത്തകർക്കെതിരെയും നടപടിയുണ്ടായി. തമിഴ്നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് പൊലീസ് നടപടിയെന്നതും ശ്രദ്ധേയമാണ്. കർണാടക, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ തുടരുമെന്നാണ് സൂചന.