• Breaking News

    സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചതിനു ശേഷം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

    Union minister Ravishankar Prasad to take up citizenship register,www.thekeralatimes.com


    സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ച ശേഷം പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. പിന്നീട് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. എല്ലാ നടപടികളും സുതാര്യമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനസംഖ്യ റജിസ്റ്ററിന് സ്വീകരിക്കുന്ന ചില വിവരങ്ങള്‍ പൗരത്വ റജിസ്റ്ററിനായി ഉപയോഗപ്പെടുത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സണ്‍ഡേ എക്സ്പ്രസി’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സെന്‍സസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് എന്‍.പി.ആര്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതു ക്ഷേമ പദ്ധതികള്‍ക്കായുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ വേണ്ടി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    കഴിഞ്ഞയാഴ്ച നടന്ന പൊതുയോഗത്തിലാണ് പൗരത്വ റജിസ്റ്ററിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇതേകാര്യം ആഭ്യന്തര മന്ത്രി അമിത് ഷായും ആവര്‍ത്തിച്ചിരുന്നു. ജനസംഖ്യ റജിസ്റ്ററുമായി പൗരത്വ റജിസ്റ്ററിന് ബന്ധമില്ലെന്ന നിലപാടായിരുന്നു അമിത് ഷാ സ്വീകരിച്ചത്. ജനസംഖ്യ റജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ റജിസ്റ്ററിനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

    ഇതില്‍നിന്ന് വ്യത്യസ്തമാണ് നിയമ മന്ത്രിയുടെ നിലപാട്
    ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു ഉള്‍പ്പെടെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
    ജനസംഖ്യ റജിസ്റ്ററില്‍ വ്യക്തികളുടെ മാതാപിതാക്കളുടെ പേര് വിവരങ്ങള്‍ ശേഖരിക്കുന്നതിനെയും രവിശങ്കര്‍ പ്രസാദ് ന്യായികരിച്ചു. വോട്ടര്‍കാര്‍ഡുകളിലും പാസ്പോര്‍ട്ടിലും ഉള്ള വിവരങ്ങള്‍ തന്നെയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

    പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുമ്പോള്‍ ഏതൊക്കെ രേഖകളാവും വേണ്ടത് എന്നത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പദ്ധതികള്‍ അടക്കം നടത്താന്‍ ജനസംഖ്യ റജിസ്റ്ററും പൗരത്വ റജിസ്റ്ററും തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

    യുപിഎ ഭരണകാലത്താണ് പൗരത്വ റജിസ്റ്ററിനുള്ള നടപടികള്‍ തുടങ്ങിയതെന്നും ഇപ്പോള്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യന്‍ മുസ്ലീമിനെയും ബാധിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.