• Breaking News

    എയര്‍ ഇന്ത്യക്കു താഴ് വീഴുന്നു? ആറുമാസത്തിനകം പൂട്ടേണ്ടി വരുമെന്നു മുന്നറിയിപ്പ്

    Air India downsizing? Warning about shutdown in 6 months,www.thekeralatimes.com


    മുംബൈ: വാങ്ങാന്‍ ആളെക്കിട്ടിയില്ലെങ്കില്‍ കടക്കെണിയിലായ എയര്‍ ഇന്ത്യ ആറുമാസത്തിനുള്ളില്‍ പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി ഉന്നത ഉദ്യോഗസ്ഥന്‍. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    കടക്കെണിയില്‍ നിന്നു രക്ഷ നേടാന്‍ ഇപ്പോള്‍ താത്കാലികമായി ഏര്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങളൊന്നും അധികകാലം മുന്നോട്ടുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസ് നിര്‍ത്തിവെച്ച 12 ചെറു വിമാനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഫണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇവയുടെ എഞ്ചിന്‍ മാറ്റിവെച്ചാല്‍ മാത്രമേ ഇനി സര്‍വീസ് ആരംഭിക്കാനാകൂ. ഏതാണ്ട് 1,100 കോടി രൂപയാണ് ഇതിനു ചെലവ് വരിക.

    നിലവില്‍ 60,000 കോടി രൂപയോളമാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ കടം. 2018-19 സാമ്പത്തിവര്‍ഷം 8556.35 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ നഷ്ടം.

    സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നു വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തേ പറഞ്ഞിരുന്നു.

    പലതവണയായി എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല.

    അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ചു മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചത്. ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി ലണ്ടനിലും സിംഗപ്പൂരിലും നടത്തിയ റോഡ് ഷോകളോടുള്ള പ്രതികരണം തീര്‍ത്തും നിരാശാജനകമായിരുന്നു.

    2011-12 സാമ്പത്തിവര്‍ഷം മുതല്‍ ഇതുവരെ 30,520.21 കോടി രൂപയാണ് എയര്‍ ഇന്ത്യക്കു കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം 2,400 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയത് 500 കോടി മാത്രമാണ്. കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.