Monday, March 17.
  • Breaking News

    ഇന്ത്യയിലെ സാമ്പത്തിക നിയന്ത്രണം: നിലപാട് വ്യക്തമാക്കി നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി

    Nobel laureate Abhijeet Banerjee says:,www.thekeralatimes.com


    മുംബൈ: ഇന്ത്യയിലെ സാമ്പത്തിക നിയന്ത്രണവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. ഇന്ത്യയിൽ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നതിനോടു യോജിപ്പില്ലെന്ന് അഭിജിത് ബാനർജി പറഞ്ഞു. ധനക്കമ്മി കൂടിയിട്ടുണ്ടെങ്കിലും ഇനി വർധിക്കാനുള്ള സാധ്യത വിരളമാണ്.

    വിദ്യാഭ്യാസ മേഖലയ്ക്കായുള്ള വിഹിതത്തിൽ 3000 കോടി വെട്ടിക്കുറയ്ക്കുന്നതു ശരിയല്ല. വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ കൂടുതൽ തുകയും പെൻഷനും വേതനത്തിനുമാണ് ചെലവിടുന്നത്. സർക്കാർ സ്‌കൂളുകളിലെ അധ്യയനം സ്വകാര്യ സ്‌കൂളുകളേക്കാൾ മെച്ചപ്പെടുത്താനാകും. ഈ വിഷയത്തിൽ ഡൽഹിയിലെ സർക്കാർ സ്കൂളുകൾ കൈവരിച്ച നേട്ടം മാതൃകാപരമെന്നും ബാനർജി പറഞ്ഞു.

    അതേസമയം, 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനമാണെങ്കിലും അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 5.8 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്. ബംഗ്ലദേശിന്റെ വളർച്ചാനിരക്ക് ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്നും പാക്കിസ്ഥാനിൽ ഇത് മൂന്ന് ശതമാനമോ അതിൽ കുറവോ ആയിരിക്കുമെന്നും ലോക ബാങ്ക് പറയുന്നു. ലോക ബാങ്കിന്റെ ആഗോള സാമ്പത്തിക സാധ്യതകളെക്കുറിച്ചുള്ള പുതിയ പതിപ്പിലാണു പ്രവചനം.

    ഇന്ത്യയിൽ 2019ൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞിരുന്നു. ഉൽപാദന, കാർഷിക മേഖലകളിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം, സർക്കാരുമായി ബന്ധപ്പെട്ട സേവന ഉപമേഖലകൾക്കു പൊതുചെലവിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചുവെന്നും പറയുന്നു. 2019 ഏപ്രിൽ-ജൂൺ, ജൂലൈ-സെപ്റ്റംബർ പാദങ്ങളിൽ ജിഡിപി വളർച്ച യഥാക്രമം അഞ്ച് ശതമാനമായും 4.5 ശതമാനമായും കുറഞ്ഞു. 2013ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. എൽപിജിയുടെ സബ്സിഡി ക്രമേണ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബാങ്ക് റിപ്പോർട്ടിൽ പ്രശംസിച്ചു.