• Breaking News

    ഭക്ഷണം കഴിക്കുന്ന രീതി കണ്ടാണ് ഞാന്‍ അവരെ തിരിച്ചറിഞ്ഞത്; ബംഗ്ലാദേശികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ

    I recognized them by their way of eating; BJP leader Kailash Vijay Varghea makes controversial comments on Bangladeshis,www.thekeralatimes.com


    ഇന്‍ഡോര്‍: ബംഗ്ലാദേശി തൊഴിലാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ.

    അടുത്തിടെ തന്റെ വീടിന്റെ നിര്‍മാണ ജോലികള്‍ക്കായി എത്തിയ ചിലര്‍ ബംഗ്ലാദേശികളായിരുന്നെന്ന സംശയം തനിക്കുണ്ടായെന്നും അവരുടെ ‘വിചിത്രമായ’ ഭക്ഷണശീലം കണ്ടാണ് തനിക്ക് അങ്ങനെയൊരു സംശയമുണ്ടായതെന്നുമാണ് കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞത്.

    ഇന്‍ഡോറില്‍ പൗരത്വ (ഭേദഗതി) നിയമത്തെ പിന്തുണച്ചുകൊണ്ട് നടന്ന സെമിനാറില്‍ സംസാരിക്കവേയായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി കൂടിയായ കൈലാഷ് വിജയ് വര്‍ഗിയ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

    അടുത്തിടെ എന്റെ വീട്ടില്‍ ഒരു പുതിയ മുറി കൂടി പണിഞ്ഞിരുന്നു. ജോലി ചെയ്യാന്‍ എത്തിയ ചില തൊഴിലാളികളുടെ ‘ഭക്ഷണ ശീലം’ വിചിത്രമാണെന്ന് ഞാന്‍ കണ്ടെത്തി. അവര്‍ ‘പോഹ’ (പരന്ന അരി) മാത്രമാണ് കഴിക്കുന്നത്,’- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    സൂപ്പര്‍വൈസറുമായും കെട്ടിട കരാറുകാരനുമായും താന്‍ സംസാരിച്ചെന്നും ഇവര്‍ ബംഗ്ലാദേശില്‍ നിന്നും എത്തിയവരാണെന്ന് സംശയമുണ്ടായെന്നുമാണ് വിജയ് വര്‍ഗിയ പറഞ്ഞത്.

    പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അതിന് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

    തൊഴിലാളികള്‍ ബംഗ്ലാദേശികളാണെന്ന് താന്‍ തിരിച്ചറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അവര്‍ തന്റെ വീട്ടിലെ ജോലി നിര്‍ത്തിപ്പോയെന്നായിരുന്നു വിജയ് വര്‍ഗിയ പറഞ്ഞത്.

    ‘ഞാന്‍ ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല. ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഞാന്‍ ഈ സംഭവം പരാമര്‍ശിച്ചത്,’- എന്നായിരുന്നു കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞത്.

    കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരു ബംഗ്ലാദേശ് തീവ്രവാദി തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും സെമിനാറില്‍ സംസാരിച്ച വിജയവര്‍ഗിയ അവകാശപ്പെട്ടു.

    ‘ഞാന്‍ പുറത്തു പോകുമ്പോഴെല്ലാം ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥര്‍ എനിക്കൊപ്പമുണ്ട്. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? പുറത്തുനിന്നുള്ള ആളുകള്‍ ഇവിടെ എത്തി ഇത്രയധികം ഭീകരത പ്രചരിപ്പിക്കേണ്ടതുണ്ടോ?’ അദ്ദേഹം ചോദിച്ചു.

    സി.എ.എയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് സി.എ.എ നടപ്പിലാക്കിയതെന്നുമായിരുന്നു വിജയ് വര്‍ഗിയയുടെ വാദം.

    ഈ നിയമം യഥാര്‍ത്ഥ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുകയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.