കൊറോണ വൈറസ് ചൈനയുടെ രഹസ്യ ജൈവായുധമെന്ന് റിപ്പോർട്ട്
ചൈനീസ് നഗരമായ വുഹാനിൽ നിന്നു പടർന്ന നിഗൂഢമായ കൊറോണ വൈറസ്, ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോർട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറുമായ ഡാനി ഷോഹത്തിന്റേതാണു നിഗമനം.
വുഹാനിലെ ലാബുകൾ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിംഗ്ടണ്‍ ടൈംസ് റിപ്പോർട്ടിൽ ഡാനി ഷോഹം അവകാശപ്പെട്ടു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ചൈനയിലെ ഏറ്റവും നൂതനമായ വൈറസ് ഗവേഷണ ലബോറട്ടറിയെന്നാണ് അറിയപ്പെടുന്നത്. മാരകമായ വൈറസുകളുമായി പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ചൈനയിലെ ഏക ലബോറട്ടറി കൂടിയാണ് വുഹാനിലേത്.
എന്നാൽ, ആരോപണം ശരിവെയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ 106 പേർ മരിച്ചു. ഇതിലൊരാൾ ബെയ്ജിങ്ങിലാണു മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 2740 കടന്നു. 1,300 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

