കരമനയില്‍ ബാറ്റാ ഷോറൂമില്‍ തീപിടുത്തം; രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു
തിരുവനന്തപുരം: കരമനയില്‍ ബാറ്റാ ഷോറൂമില്‍ വന്‍തീപിടുത്തം. തീപിടുത്തത്തില്‍ ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ല. മൂന്ന് നില കെട്ടിടത്തിന്റെ ഷോറൂമിന് ഏറ്റവും മുകളിലായാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമില്‍ രാവിലെ ഒമ്പത് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
ചെങ്കല്‍ ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. കരമന പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പുകളും ബാഗുകളും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മുകളിലത്തെ നിലയില്‍ പുക ഉയരുന്നത് ശ്രദ്ധിച്ചത്. രാവിലെ ആയതിനാല്‍ ജീവനക്കാര്‍ എത്തിയിട്ടില്ലായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

