ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിക്കില്ല; നയപ്രഖ്യാപനത്തില്‍ നിന്ന് പൗരത്വ നിയമ ഭേദരഗതി വിരുദ്ധ പരാമര്‍ശം നീക്കില്ല
നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമര്‍ശങ്ങള്‍ മാറ്റില്ലെന്ന് ഉറച്ച് സംസ്ഥാന സര്‍ക്കാര്‍.ഗവര്‍ണറെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാടുകള്‍ ഭരണഘടനയ്ക്ക് എതിരല്ലെന്നും ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്നും സര്‍ക്കാര്‍ പ്രതിഫലിപ്പിച്ചത് ജനങ്ങളുടെ ആശങ്കയാണെന്നുമാണ് സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയിട്ടുള്ള വിശദീകരണം.
അതേസമയം, ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിക്കില്ല. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ്് സര്‍ക്കാര്‍ വിലയിരുത്തുന്നത് ബുധനാഴ്ച ചേരുന്ന കാര്യോപദേശകസമിതി യോഗത്തിലും ഈ നിലപാട് സ്വീകരിച്ചേക്കും.
ഭരണഘടന സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ത്തന്നെ ഉള്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ടെന്നാണ് ലവിവരം. ഇത് സര്‍ക്കാര്‍ നയമാണെന്നും ഭരണഘടന സംരക്ഷിക്കാനുള്ള നീക്കം കോടതിയലക്ഷ്യമാകില്ലെന്നും എന്നും രാജ്ഭവന് നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ ഗവര്‍ണറോട് പറയുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും നരേന്ദ്രമോദിയെ ഭയമാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. പ്രമേയം കൊണ്ടുവരാനുള്ള നീക്കം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമാണെന്നാണ് ഇടതുമുന്നണിആരോപിക്കുന്നത്. പിണറായി സര്‍ക്കാരിനെ വെട്ടിലാക്കാനും സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉണ്ടാക്കാനും യു.ഡി.എഫ്. ശ്രമിക്കുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഏറ്റവും കൂടുതല്‍ തവണ ഗവര്‍ണറെ കണ്ട രാഷ്ട്രീയ നേതാവാണ് രമേശ് ചെന്നിത്തലയെന്നും ഇടതുമുന്നണി ആരോപിക്കുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിലെന്നു വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. ഇടതുമുന്നണി ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്..

