കളിയിക്കാവിള കൊലപാതകം; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെത്തി
തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകത്തില്‍ പ്രതികളുടെ തീവ്രവാദ ബന്ധം തെളിയിക്കുന്ന നിര്‍ണ്ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് തീവ്രസംഘടനയുമായുള്ള ബന്ധം സാധൂകരിക്കുന്ന തെളിവ് ലഭിച്ചത്. ബാഗില്‍ ഉണ്ടായിരുന്ന കുറിപ്പില്‍ തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും വിവരങ്ങള്‍
രേഖപ്പെടുത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.
നെയ്യാറ്റിന്‍കരയിലെ ആരാധനാലയത്തിന് സമീപത്തെ ഒരു വീട്ടില്‍ നിന്നാണ് ഈ ബാഗ് പൊലീസ് കണ്ടെടുത്തത്. കുറിപ്പിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേ സമയം എഎസ്‌ഐയെ കുത്താന്‍ ഉപയോഗിച്ച കത്തി തമ്പാനൂരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഒളിവില്‍ പോകുന്നതിന് മുമ്പ് ഉപേക്ഷിച്ച കത്തിയാണ് പൊലീസ് കണ്ടെത്തിയത്.
പ്രതികള്‍ വില്‍സണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് എറണാകുളത്ത് നിന്നാണ് അന്വേഷണ സംഘം കണ്ടെടുത്തത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓടയില്‍ തോക്ക് ഉപേക്ഷിച്ച് പ്രതികള്‍ കര്‍ണ്ണാടകയിലേക്ക് കടക്കുകയായിരുന്നു.
എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം ഷമീമും തൗഫീഖും കളിയിക്കാവിളയില്‍ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്. കൊലപാതകവാര്‍ത്ത പത്രത്തില്‍ കണ്ടതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ തള്ളുന്ന ഇടത്തുള്ള ഓടയില്‍ തോക്ക് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി.
തുടര്‍ന്ന് ബസ്സില്‍ ഉഡുപ്പിക്ക് പോവുകയായിരുന്നു. കര്‍ണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും റെയില്‍വേ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് ജനുവരി ഏഴിന്, വെരാവല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന്റെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ബംഗളുരു പൊലീസിന്റെ പിടിയിലാണുള്ളത്. ഇവരെ അറസ്റ്റ് ചെയ്തതാണ് പ്രതികളുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത്.