• Breaking News

    കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം , അന്വേഷണം വിതുരയിലേക്കും

    Assassination of Kaliyakavila ASI, investigation is on,www.thekeralatimes.com


    തിരുവനന്തപുരം: കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക്‌പോസ്‌റ്റില്‍ എ.എസ്‌.ഐ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ അന്വേഷണം വിതുരയിലേക്കും. കേസന്വേഷണത്തിനായി തമിഴ്‌നാട്‌ അന്വേഷണ സംഘം വിതുരയിലെത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ പാറശാല, പുന്നക്കാട്‌ ഐങ്കമണ്‍ സ്വദേശി സെയ്‌തലിയെ തേടിയാണ്‌ സംഘം വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ്‌ ഒരു മണിയോടെ വിതുരയിലെത്തിയത്‌. കലുങ്ക്‌ ജങ്‌ഷനിലെ കടമുറിയില്‍ രണ്ടു മാസം മുമ്പ് ഐടെക്‌ എന്ന പേരില്‍ ഒരു കംപ്യൂട്ടര്‍സ്‌ഥാപനം തുറന്നിരുന്നു.

    പുളിമൂട്ടിലെ സെയ്‌തലിയുടെ ഭാര്യവീട്ടിലാണ്‌ അന്വേഷണ സംഘം ആദ്യമെത്തിയത്‌.പാറശാല സ്വദേശിയായ സെയ്‌തലി കഴിഞ്ഞ ജൂണിലാണ്‌ തൊളിക്കോട്‌ പുളിമൂട്‌ സ്വദേശിനിയെ വിവാഹം കഴിച്ചത്‌.ഒരു മാസമായി മേമലയിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. തുടര്‍ന്ന്‌ കലുങ്ക്‌ ജങ്‌ഷനിലെ സ്‌ഥാപനത്തിലെത്തുകയായിരുന്നു. മേമലയിലെ വാടക വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനിടെ സംഭവത്തില്‍ പൂന്തുറ സ്വദേശിയെ ഫോര്‍ട്ട് പൊലീസ് ചോദ്യം ചെയ്യുന്നു.

    മുന്‍പ് ഒരു സ്ഫോടന കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെയാണു പ്രതികളെന്നു പ്രധാനമായും സംശയിക്കുന്നത്.രണ്ടുപേര്‍ക്കും 25നും 30നും ഇടയ്ക്കാണു പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. ഫോണ്‍ നമ്പര്‍: 0471 2722500, 9497900999.

    ഇവരെ പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ രണ്ടുപേര്‍ക്ക് പുറമെ നാലോളം പേര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് തമിഴ്‌നാട് സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്.