• Breaking News

    കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകം, മുഖ്യപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് : വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

    ASI's murder case, lookout notice issued on prime accused: vigilance at airports and ports,www.thekeralatimes.com


    തിരുവനന്തപുരം : കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം, മുഖ്യപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യപ്രതികളായ തൗഫീക്ക്, സമീം എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .  പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത തടയുക ലക്ഷ്യമിട്ടാണ് വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    അതേസമയം, കളിയിക്കാവിള അതിര്‍ത്തി ചെക്പോസ്റ്റില്‍ തമിഴ്നാട് എഎസ്ഐയെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് രണ്ടുപേര്‍ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ഷക്കീര്‍ അഹമ്മദ്, അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഇവരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്ക് വില്‍സണെ വധിച്ചവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

    അതിനിടെ എഎസ്ഐ വില്‍സണെ പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് പ്രതികള്‍ വെടിവെച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. വില്‍സന്റെ ശരീരത്തിലേറ്റ രണ്ട് വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്തുവന്നിരുന്നു. കഴുത്തിലും നെഞ്ചിലും തറച്ച വെടിയുണ്ടകളാണ് പുറത്തുവന്നത്. തുടയില്‍ കൊണ്ട വെടിയുണ്ട മാത്രമാണ് പുറത്തെടുക്കേണ്ടി വന്നത്. അതേസമയം വെടിവെക്കുന്നതിന് മുമ്പ് വില്‍സണെ പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായും സംശയമുണ്ട്. വില്‍സന്റെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

    വില്‍സണെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പിടിയിലായ പ്രതികളുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഡല്‍ഹിയില്‍ പിടിയിലായ കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയീദ് നവാസ്, ക്വാസാ മൊയിനുദ്ദീന്‍ എന്നിവരെ ഡല്‍ഹി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പമുള്ള നാലുപേരാണ് എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അതേസമയം പ്രതികള്‍ക്ക് വേണ്ടി തമിഴ്നാട്ടിലും കേരളത്തിലും തിരച്ചില്‍ തുടരുകയാണ്.

    തീവ്രവാദി സംഘത്തെ ബംഗളൂരുവില്‍ പിടികൂടിയതിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. രാജ്യവ്യാപകമായി സ്ഫോടനത്തിന് പദ്ധതിയിട്ട തീവ്രവാദി സംഘത്തെയാണ് ബംഗളൂരുവില്‍ പിടികൂടിയത്.