സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല; പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിലെ സ്ത്രീസമരക്കാര്‍ക്കെതിരെ കാന്തപുരം
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന സ്ത്രീ സമരക്കാര്‍ക്കെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. സമരത്തിനിറങ്ങുന്ന സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം കേരള ടൈംസ് ന്യൂസിനോട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. ലൗ ജിഹാദെന്ന സീറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണെന്നും കാന്തപുരം പറഞ്ഞു.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വിമര്‍ശിച്ച് സമസ്ത കേരള സുന്നി യുവജന (എസ്.വൈ.എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്തെത്തിയിരുന്നു.
‘എന്റെ തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇടകലര്‍ന്ന് നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുന്‍നിരയില്‍ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്? ഈ സംസ്‌കാരം അപകടസൂചനയാണ്.’ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരെ പരസ്യ പ്രതിഷേധങ്ങള്‍ക്കിറങ്ങുന്ന മുസ്‌ലിം സ്ത്രീകള്‍ പരിധി വിടരുതെന്ന് സമസ്ത കേരള ഇ.കെ വിഭാഗവും പ്രസ്താവന ഇറക്കിയിരുന്നു.
മുസ്‌ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു പ്രസ്താവന. മുസ്‌ലിം സ്ത്രീകള്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബന്ധപ്പെട്ട സംഘടനകള്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കരുതെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.

