നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും, നാളെ നാട്ടിലെത്തിക്കും
നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. തൃഭുവന്‍ സര്‍വ്വകലാശാല മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. സമയം വൈകിയതിനാല്‍ ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങിയിരുന്നില്ല.
ബുധനാഴ്ച വൈകിട്ടത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ട് വിമാനങ്ങളിലായി മാത്രമേ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. ബുധനാഴ്ച വൈകുന്നേരത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാഠ്മണ്ഡുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേര്‍ ഇന്നലെ മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു. ദമാനില്‍ ഇവര്‍ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഒമ്പതരക്കാണ് 15 മലയാളി വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ദമാനിലെ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇതില്‍ എട്ടുപേര്‍ ഒരു സ്യൂട്ട് റൂമില്‍ തങ്ങി. കടുത്ത തണുപ്പായതിനാല്‍ ജനലുകളും വാതിലുകളും അടച്ചിട്ട് ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവര്‍ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെട്ടത്.

