മരടില്‍ രണ്ടാം ഘട്ട പൊളിക്കലിനുള്ള നടപടി തുടങ്ങി; ഇന്ന് തകര്‍ക്കുന്നത് രണ്ട് ഫ്‌ളാറ്റുകള്‍
മരടില്‍ രണ്ടാം ഘട്ട ഫ്‌ളാറ്റ് പൊളിക്കലിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. ഫ്‌ളാറ്റുകളുടെ സമീപം താമസിക്കുന്നവരോട് പോലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു തുടങ്ങി. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളും ഒമ്പതുമണിക്ക് മുമ്പ് സ്ഥലത്തുനിന്ന് മാറണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നതാണ്. അതിനാല്‍ ഇവര്‍ സ്ഥലത്തുനിന്ന് മാറിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധന നടത്തും.
ഇതിന് ശേഷമാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുക. 10.30നാണ് ആദ്യ സൈറണ്‍ മുഴക്കുക. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴക്കും. 11 മണിയോടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ഇന്ന് ആദ്യം പൊളിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കാനുള്ള സ്ഫോടനം നടക്കും. തുടര്‍ന്ന് രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരവും സ്ഫോടനത്തിലൂടെ തകര്‍ക്കും.
ജെയിന്‍ കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോള്‍ഡന്‍ കായലോരം ഉച്ചക്ക് രണ്ട് മണിക്കും പൊളിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഹോളി ഫെയ്ത്ത് H2Oയും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുന്‍പ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയായിരിക്കും ഇന്നും സ്വീകരിക്കുക.
രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല. അതിനാല്‍ തന്നെ ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികള്‍ ഇല്ല. അതേസമയം കനത്ത ജാഗ്രതയോടെ തന്നെയാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.

