മലയാളി പ്രവാസി വ്യവസായി സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു
മലയാളി പ്രവാസി വ്യവസായി സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സി.സി. തമ്പിയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഫോറക്സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി.സി. തമ്പിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു.
കേരളത്തില്‍ വിവിധ വസ്തുവകള്‍ വാങ്ങിയതില്‍ ഏകദേശം ആയിരം കോടി രൂപയുടെ അഴിമതി ഇദ്ദേഹം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. 2017-ല്‍ തമ്പിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് തമ്പിയെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ തമ്പിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തമ്പി വഴി റോബര്‍ട്ട് വദ്ര വിദേശത്ത് വസ്തുവകകള്‍ വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
കഴിഞ്ഞ കുറേ നാളുകളായി തമ്പി ഇ.ഡി.യുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

