മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്
നരിക്കുനി: മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്. കോഴിക്കോട് എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ രായന്‍കണ്ടിയില്‍ നിഷാദിനെതിരെയാണ് കേസ്.
കൊടുവള്ളി പൊലീസാണ് നിഷാദിനെതിരെ കേസ് എടുത്തത്. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം രൂപമാറ്റം വരുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
സംഗീത് എളേറ്റില്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് നിഷാദ് മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രവും കുറിപ്പും ഷെയര്‍ ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിക്ക് തന്നെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പരാതി ലഭിച്ചിരുന്നു.തുടര്‍ന്ന് പരാതി ഡി.ജി.പി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും കോടതിയുടെ അനുമതിയോടെ പൊലീസ് കേസെടുക്കുകയുമായിരുന്നു.
എന്നാല്‍ തനിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച ചിത്രം വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയായിരുന്നെന്നാണ് നിഷാദ് പറയുന്നത്.