പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും കരിനിയമങ്ങളാണ്: ചന്ദ്രശേഖര്‍ ആസാദ്
പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും കരിനിയമങ്ങളാണെന്നും ഇവ രാജ്യത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനും തടസ്സം സൃഷ്ടിക്കുമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ദേശീയ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ യുപിയിലെ മീററ്റില്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പൊതുസ്ഥലത്ത് വെച്ചാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയത്. നിയമത്തിനെതിരെ പ്രതിഷേധിച്ച ആളുകള്‍ക്ക് നേരെ യു.പി പൊലീസ് വെടിയുതിര്‍ക്കുക ആയിരുന്നെന്നും കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണെമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ നടപടിക്കള്‍ക്കെതിരെ ഭീം ആര്‍മി ഹൈക്കോടതിയെ സമീപിച്ചതായും ജനുവരി 23ന് കേസില്‍ വാദം കേള്‍ക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. എന്‍.ആര്‍.സി രാജ്യത്തെ ദളിതര്‍, ആദിവസികള്‍, പിന്നോക്ക വിഭാഗങ്ങള്‍, സ്വന്തമായി ഭൂമിയോ സ്വത്തോ ഇല്ലാത്തവര്‍ എന്നിവരെ ഭയപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് ശേഷവും ഉള്ളതിനേക്കാള്‍ മോശം അവസ്ഥയിലേക്കാണ് ഉത്തര്‍പ്രദേശിന്റെ അസത എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

