പെരുമ്പാവൂരില്‍ മധ്യവയസ്‌ക്കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ; കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകള്‍ ; മൃതദേഹത്തിന് സമീപത്ത് ചോര പുരണ്ട കരിങ്കല്‍ കഷ്ണവും
പെരുമ്പാവൂർ: വളയൻ ചിറങ്ങരയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകൾ കണ്ടതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്.
വളയൻചിറങ്ങര വാരിക്കാട് ടാങ്ക് സിറ്റി ഇലത്തുകുടിവീട്ടിൽ വിജയന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കള്ളുഷാപ്പിന്റെ സമീപം കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്.
കഴുത്തിലും നെറ്റിയിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഈ മുറിവുകളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. രക്തം പുരണ്ട നിലയിൽ ഒരു കരിങ്കൽ കഷ്ണവും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കൽപ്പണിക്കാരനാണ് മരിച്ച വിജയൻ. ഏറെക്കാലമായി ഒറ്റയ്ക്കാണ് താമസം.


