• Breaking News

    മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ

    Prohibition order in the area ahead of demolition of marad flats,www.thekeralatimes.com

    കൊച്ചി: മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാകളക്ടർ എസ് സുഹാസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് നിരോധനാജ്ഞ. കായൽ പ്രദേശത്തും നിരോധനാജ്ഞ ബാധകമാണ്. ഡ്രോണുകൾ പ്രവേശിക്കരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണുകൾ പ്രദേശത്തേക്ക് പറത്തിയാൽ വെടിവെച്ചിടുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ അറിയിച്ചു.

    ശനിയാഴ്ച രാവിലെ 11ന് ഹോളിഫെയ്ത്ത് എച്ച്ടുഒയാണ് ആദ്യം വീഴുക. അര മണിക്കൂറിനകം ആൽഫ സെറീനിന്റെ രണ്ട് ടവറുകളും നിലംപതിക്കും. ഞായറാഴ്ച രാവിലെ 11ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർന്നുവീഴും. സ്ഫോടന ദിവസം കുണ്ടന്നൂർ ബൈപ്പാസിലും ഇടറോഡുകളിലും ഗതാഗതത്തിന് നിയന്ത്രണം ഏ്ർപ്പെടുത്തിയിട്ടുണ്ട്. പൊളിക്കാൻ സജ്ജമായ ഫ്ലാറ്റുകളിൽ പെസോ, ഐഐടി സംഘങ്ങൾ സന്ദർശിച്ച് അവസാനവട്ട ഒരുക്കം വിലയിരുത്തി.

    അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രിൽ പൂർത്തിയായി. ആദ്യം പൊളിക്കുന്ന എച്ച്ടുഒ ഫ്ലാറ്റിലെ മോക്ഡ്രിൽ നടപടിക്രമങ്ങളാണ് പൂർത്തിയായത്. മോക്ഡ്രിൽ വിജയകരമായിരുന്നെന്ന് ഐജി. വിജയ് സാഖറെ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളിൽ ചെറിയ ചെറിയ പോരായ്മകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോരായ്മകൾ പരിഹരിക്കുമെന്നും സൈറൺ കുറച്ചുകൂടി ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ആദ്യ വിലയിരുത്തലിന് ശേഷമാണ് മോക്ഡ്രിൽ നടന്നത്. എറണാകുളം ജില്ലാ കളക്ടർ സുഹാസ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും ഐജിയുമായ വിജയ് സാക്കറെ, ഫോർട്ട് കൊച്ചി സബ്കളക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർ അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ മരട് നഗരസഭയിലെ കൺട്രോൾ റൂമിലേക്ക് എത്തി. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു.