പള്‍സ് പോളിയോ വാക്‌സിനേഷന്‍; ജനുവരി 19 ന് ബൂത്തുകളിലും 20, 21 തീയതികളില്‍ വീടുകളിലും
പള്‍സ് പോളിയോ വാക്‌സിനേഷന്‍ ജനുവരി 19 ഞായറാഴ്ച കൊടുക്കും. പള്‍സ് പോളിയോ വാക്‌സിനേഷന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ 1,387 ബൂത്തുകളും 47 മൊബൈല്‍ ബൂത്തുകളും 37 ട്രാന്‍സിറ്റ് ബൂത്തുകളും വാക്‌സിനേഷന്‍ നല്‍കുന്നതിനായി സജ്ജീകരിച്ചു.
റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, മേളകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ജനുവരി 19 ന് ബൂത്തുകളിലും 20, 21 തീയതികളില്‍ വീടുകളിലെത്തിയും വാക്‌സിനേഷന്‍ നല്‍കും. വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കുന്നതിന് 3,206 ടീമുകള്‍ രൂപീകരിച്ചു. ജില്ലയില്‍ അഞ്ചു വയസുവരെ പ്രായമുള്ള 1,72,070 കുട്ടികളാണുള്ളത്. വാക്‌സിനേഷന് വരുമ്പോള്‍ മാതാപിതാക്കള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള പ്രതിരോധ കാര്‍ഡും കൊണ്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി പറഞ്ഞു.

