ജെഎൻയു ക്യാമ്പസിൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ്; ത്രിവര്‍ണ പതാകയേന്തി വനിതാ എന്‍സിസി കേഡറ്റുകള്‍ നയിക്കും
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ജെഎന്‍യുവില്‍ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് നടത്താന്‍ കോളെജ് അധികൃതരും വിദ്യാര്‍ഥികളും തീരുമാനിച്ചു. ത്രിവര്‍ണ പതാകയുമായി 15 വനിത എന്‍സിസി സ്റ്റുഡന്റ്‌സ് ആണ് പരേഡിനു നേതൃത്വം നല്‍കുക. ഈ വിദ്യാര്‍ഥികള്‍ക്കുള്ള പരേഡിനുള്ള പരിശീലനം സൈനിക ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്. പരേഡ് റിഹേഴ്‌സലിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ജെഎന്‍യുവില്‍ ആദ്യമായാണു എന്‍സിസി കേഡറ്റുകളുടെ പരേഡ് നടക്കുന്നതെന്നു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറും വ്യക്തമാക്കി. ജൂലൈ 2019ലാണ് വനിതകളുടെ എന്‍സിസി യൂണിറ്റ് കോളെജില്‍ രൂപീകരിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് പരേഡ്. നേരത്തെ ഫീസ് വർധനവിന്റെ പേരിൽ നടന്നു വന്ന സമരം പൊളിഞ്ഞതായി വിസി പറഞ്ഞു. ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന 82% വിദ്യാര്‍ഥികളും ഹോസ്റ്റല്‍ ഫീസ് അടച്ചു കഴിഞ്ഞെന്നും വൈസ് ചാന്‍സലര്‍ എ. ജദഗീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
8500 വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും ഫീസ് അടച്ചു കഴിഞ്ഞതോടെ സമരം പൊളിഞ്ഞ അവസ്ഥയിലായി. ജനുവരി 15 ആയിരുന്നു വിന്റര്‍ സെമസ്റ്ററിനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ഇതോടെ വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കാണ് ആ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. നിരവധി വിദ്യാര്‍ത്ഥികളാണ് അവസാന തീയതി രണ്ട് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ ഫീസ് അടക്കാനുള്ള അവസാന തീയതി ജനുവരി 17 ആയി ഉയര്‍ത്തി. ഇനിയും പിഴ കൂടി നല്‍കി ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. ഇതോടെ ഏതാണ്ട് 95% വിദ്യാര്‍ഥികളും ഫീസ് അടയക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ വിലയിരുത്തുന്നത്.

