• Breaking News

    പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമം, മാനസികമായി പീഡനം: സഭാനേതൃത്വത്തിനെതിരേ ആരോപണങ്ങളുമായി സിസ്റ്റര്‍ ലൂസി കളപ്പുര

    Hunger strikes, mental torture: Sister Lucy barn accused of church leadership,www.thekeralatimes.com


    സഭാനേതൃത്വത്തിനെതിരേ വീണ്ടും ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും നല്‍കാതെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. കഴിഞ്ഞ ഒന്നര മാസമായി മഠത്തില്‍ പലതരത്തിലുള്ള മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നും സിസ്റ്റര്‍ വ്യക്തമാക്കി. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ലെന്നും സിസ്റ്റർ ആരോപിച്ചു. എഫ്സിസി സഭയില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര.

    നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റർമാർക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.  കഴിഞ്ഞ ഓഗസ്റ്റിലും ഡിസംബറിലുമായി മഠം അധികൃതർക്കെതിരെ മൂന്ന് പരാതികളാണ് സിസ്റ്റർ പൊലീസില്‍ നല്‍കിയത്. മൂന്നിലും വെള്ളമുണ്ട പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

    മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്‌സിസി സന്യാസി സമൂഹത്തില്‍നിന്ന് ലൂസിയെ പുറത്താക്കിയിരുന്നു. മഠത്തില്‍നിന്നും പുറത്താക്കുന്നതിനെതിരെ സിസ്റ്റർ നല്‍കിയ ഹർജിയില്‍ സഭാ നടപടി നടപ്പാക്കുന്നത് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ട് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഹർജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.