മകള്‍ പീഡനത്തിന് ഇരയായെന്ന് ആരോപണം: കോട്ടയത്ത് കുടുംബം ആത്മഹത്യ ചെയ്തു
കോട്ടയം തലയോലപ്പറമ്പില്‍ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍. മകള്‍ പീഡനത്തിരയായതിനെ തുര്‍ന്നാണ് തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ ആശുപത്രി അധികാരികള്‍ വിവരം പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി എടുത്തശേഷം പ്രതിയായ ഇറുമ്പയം കല്ലുവേലി ജിഷ്ണു (20) വിനെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് നടപടി.
മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ അച്ഛനമ്മമാര്‍ വിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മകള്‍ ഉണര്‍ന്നുവന്നപ്പോള്‍ അച്ഛനും അമ്മയും മുറിയുടെ ജനലില്‍ ഷാളില്‍ തൂങ്ങിമരിച്ചുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി, സഹോദരിയെ വിളിച്ച് വിവരം പറഞ്ഞിരുന്നു.
തുടര്‍ന്ന് പോലീസും സമീപവാസികളും വീട്ടിലെത്തിയപ്പോള്‍ മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ കൈഞരമ്പ് മുറിച്ചനിലയിലാണ്. ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാകാം, തൂങ്ങി മരിച്ചതെന്നാണ് പൊലീസ് നിഗമനം.