• Breaking News

    ട്രെയിന്‍ യാത്രക്കാരുടെ വീട്ടില്‍ മോഷണം നടന്നാലും ഇനി നഷ്ടപരിഹാരം; പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

    Theft of train passengers' house Indian Railways with new system,www.thekeralatimes.com


    മുംബൈ: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീട്ടില്‍ കവര്‍ച്ച നടന്നാലും നഷ്ടപരിഹാരം നല്‍കുന്ന സംവിധാനം വരുന്നു. മുംബൈ അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്ന രണ്ടാം ‘തേജസ്’ സ്വകാര്യ തീവണ്ടിയിലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പാക്കാന്‍ പോകുന്നത്. എന്നാൽ യാത്രചെയ്യുന്ന സമയത്ത് കവര്‍ച്ച നടന്നാല്‍ മാത്രമാവും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുകയെന്ന് ഐ.ആര്‍.സി.ടി.സി. മുംബൈ ജനറല്‍ മാനേജര്‍ പദ്മമോഹന്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.)ആണ് ഇത് നടപ്പാക്കുന്നത്.

    17നാണ് തേജസ് എക്‌സ്പ്രസിന്റെ ഉദ്ഘാടനം അഹമ്മദാബാദില്‍ നടക്കുക. 19 മുതല്‍ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഈ വണ്ടി ഓടും. ഇതിലെ യാത്രക്കാര്‍ക്കുള്ള 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിനുപുറമെയാണ് പുതിയ സേവനവും നടപ്പാക്കുന്നത്. ഇവയ്ക്കായി യാത്രക്കാരില്‍നിന്ന് ഐ.ആര്‍.സി.ടി.സി. പ്രത്യേക പ്രീമിയം ഈടാക്കുന്നില്ല. എല്ലാം സൗജന്യമാണ്.യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തില്‍ അംഗവൈകല്യമോ മറ്റോ സംഭവിച്ചാലാണ് റെയില്‍വേ 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കുന്നത്.

    തേജസ് എക്‌സ്പ്രസ് ലക്ഷ്യസ്ഥാനത്ത് ഒരു മണിക്കൂറിലധികം വൈകിയാണെത്തുന്നതെങ്കില്‍ യാത്രക്കാര്‍ക്ക് 100 രൂപയും രണ്ടു മണിക്കൂറിലധികം വൈകിയാല്‍ 250 രൂപയും നഷ്ടപരിഹാരവും നല്‍കും. ‘പലപ്പോഴും മറ്റു നഗരങ്ങളിലേക്കുള്ള ദീര്‍ഘയാത്രാസമയത്താണ് സ്വന്തം വീട്ടില്‍ മോഷണവുംമറ്റും നടക്കുന്നത്. പ്രത്യേകിച്ച്‌ മുംബൈയില്‍. അതിനാലാണ് ഇത്തരത്തില്‍ പുതിയ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന് അധികപണം യാത്രക്കാരില്‍നിന്ന് ഈടാക്കുന്നില്ല.

    ഒരാള്‍ യാത്ര തുടങ്ങി അവസാനിപ്പിക്കുന്നതുവരെമാത്രമായിരിക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ’ പദ്മമോഹന്‍ പറഞ്ഞു.കഴിഞ്ഞ ഒക്ടോബര്‍ 19ന് ആദ്യ സ്വകാര്യവണ്ടിയായ ഡല്‍ഹി-ലഖ്‌നൗ തേജസ് എക്‌സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകിയപ്പോള്‍ യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി. നല്‍കിയത് 1.62 ലക്ഷം രൂപയാണ്.