• Breaking News

    യുക്രെയ്ന്‍ വിമാന ദുരന്തം: അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് ഇറാന്‍

    Ukraine plane crash: Iran claims to have accidentally shot down,www.thekeralatimes.com


    176 പേരുമായ തകര്‍ന്ന വീണ യുക്രെയ്ന്‍ വിമാനം തങ്ങള്‍ അബദ്ധത്തില്‍ തകര്‍ത്തതാണെന്ന് ഇറാന്‍. യാത്രവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്ന് ഇറാന്‍ സമ്മതിച്ചു.

    അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നത്. ഇറാന്‍ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

    തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ മിസൈലാണ് യുക്രെയ്ന്‍ വിമാനം തകര്‍ത്തതെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇറാന്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

    യുക്രെയ്ന്റെ ബോയിങ് 737-800 ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനമാണ് ഇമാം ഖാംനഈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണത്. തെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബോറിസ് പില്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. 176 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു

    അപകടസ്ഥലത്ത് നിന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിലെ വിവരങ്ങള്‍ അമേരിക്കയ്‌ക്കോ ബ്ലാക്ക് ബോക്‌സ് അമേരിക്കന്‍ കമ്പനിയായയ ബോംയിഗിനോ കൈമാറാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. അതേസമയം അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങള്‍ പ്രകാരം വിമാനപകടം ഉണ്ടായാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തേണ്ടത് അപകടം നടന്ന രാജ്യമാണെങ്കിലും വിമാനക്കമ്പനിക്കും അന്വേഷണം നടത്താന്‍ അവകാശമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറേയും ഉക്രൈന്‍-കാനഡ പൗരന്‍മാര്‍ ആയതിനാല്‍ ഈ രാജ്യങ്ങളും അപകടകാരണം പുറത്തുവിടാന്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.