• Breaking News

    രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന് രാജ് താക്കറെ ; പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് റാലി; ബിജെപിയുമായുള്ള സഖ്യത്തിന് വഴി തുറന്ന് എംഎന്‍എസ്

    Raj Thackeray says he will expel infiltrators Rally in support of civil rights amendment; MNS opens up alliance with BJP,www.thekeralatimes.com


    മഹാരാഷ്ട്രയില്‍ രാജ് താക്കറെയും നവ്നിര്‍മാണ്‍ സേനയുമായുള്ള സഖ്യം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നതായി സൂചന നല്‍കി രാജ് താക്കറെ. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് തങ്ങള്‍ ഒരു റാലി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഫെബ്രുവരി 9നാണ് റാലി നടക്കുക. രാജ്യത്തെ ‘നുഴഞ്ഞുകയറ്റക്കാരെ’ പുറത്താക്കുമെന്നും രാജ് താക്കറെ പറഞ്ഞു.മുംബൈയുടെ സമീപപ്രദേശമായ ഗോരെഗാവില്‍ സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

    ”പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഇന്ത്യയില്‍ നിന്നും ആട്ടിയോടിക്കണം. നമ്മള്‍ ഒരു അഗ്നിപര്‍വ്വതത്തിനു മുകളിലാണ് ഇരിക്കുന്നത്. അത് ഏതുസമയവും പൊട്ടിത്തെറിക്കാം. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കിക്കിട്ടാന്‍ നമുക്ക് പ്രവര്‍‌ത്തിക്കാം. ഇക്കാര്യത്തില്‍‌ ഞാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും,” രാജ് താക്കറെ പറഞ്ഞു.

    സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പുതിയ പതാക രാജ് താക്കറെ അവതരിപ്പിച്ചു. ഒപ്പം 27കാരനായ  മകന്‍, അമിത് താക്കറെയെ രാഷ്ട്രീയത്തില്‍ അവതരിപ്പിക്കുക കൂടി ചെയ്തു. മറാത്തകളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ നിന്ന് ‘ഹിന്ദുക്കളുടെ പ്രശ്ന’ങ്ങളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയതന്ത്രത്തിലേക്ക് പാര്‍ട്ടി മാറുകയാണെന്ന പ്രഖ്യാപനം കൂടി അദ്ദേഹം നടത്തി. “എന്റെ ഹിന്ദു സഹോദരീസഹോദരങ്ങളെ” എന്ന പ്രസ്താവനയോടെയാണ് രാജ് താക്കറെ തന്റെ പ്രസംഗം തുടങ്ങിയത്. സാധാരണഗതിയില്‍ ‘മറാത്തി സഹോദരീസഹോദരങ്ങളെ’ അഭിസംബോധന ചെയ്താണ് അദ്ദേഹം തുടങ്ങാറുള്ളത്.

    ശിവസേന എന്‍ഡിഎ സഖ്യം വിട്ടതിനു ശേഷമാണ് മഹാരാഷ്ട്ര നവ്നിര്‍മാണ്‍ സേനയുമായി സഖ്യത്തിന് ബിജെപി ശ്രമം തുടങ്ങിയത്. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേനയുടെ വോട്ടുകേന്ദ്രങ്ങളിൽ നുഴഞ്ഞുകയറുക എന്നതാണ് ബിജെപിയുടെ ഈ നീക്കത്തിനു പിന്നിൽ. കാര്യമായ മുന്നേറ്റങ്ങളൊന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നടത്താൻ കഴിയാതെ പ്രതിസന്ധിയിൽ കഴിയുകയാണ് നവ്നിർമാണ്‍ സേന. ഈ സന്ദര്‍ഭത്തില്‍‌ ബിജെപിയുമായി സഖ്യം ചേരുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്തേക്കുമെന്ന പ്രതീക്ഷയിലാണ് നവ്നിര്‍മാണ് സേന.

    മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു രാജ് താക്കറെ. ‘മോദി മുക്ത ഭാരതം’ വരണമെന്ന് ഒരിക്കലദ്ദേഹം പ്രസ്താവന നടത്തുക പോലുമുണ്ടായി. മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും വികസനത്തിന് മോദി മുക്ത ഭാരതം വരണമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.