മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ട്രംപിന്റേത് നേതൃപരാജയം; ഡല്‍ഹി കലാപത്തെ കുറിച്ച് പ്രതികരിച്ച ട്രംപിന് എതിരെ ബേണി സാന്‍ഡേഴ്സ്
മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ ഡൊണള്‍ഡ് ട്രംപ് പരാജയമാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്സ്. ഡല്‍ഹി കലാപത്തില്‍ ട്രംപിന്റെ പ്രതികരണത്തെ വിമര്‍ശിച്ചാണ് സാന്‍ഡേഴ്‌സ് ഇങ്ങനെ പറഞ്ഞത്.
ഡല്‍ഹി സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിനെ കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയിരുന്നത്. ഇന്ത്യയില്‍ വ്യക്തികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
”ഇന്ത്യാ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ട്രംപിന്റെ പ്രസ്താവന നേതൃപരാജയമായിരുന്നു’ സാന്‍ഡേഴ്സ് പറഞ്ഞു. ഡല്‍ഹിയില്‍ വ്യാപക മുസ്ലിം വിരുദ്ധ ജനക്കൂട്ട ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രംപ് ഇതിനോട് പ്രതികരിച്ചത് അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ്. ഇത് മനുഷ്യാവകാശങ്ങളില്‍ നേതൃപരമായ പരാജയമാണ് കാണിക്കുന്നത്’ സാന്‍ഡേഴ്സ് ട്വീറ്റ് ചെയ്തു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കെതിരെ വിമര്‍ശനം നടത്തുന്ന രണ്ടാമത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് സാന്‍ഡേഴ്സ്. എലിസബത്ത് വാറെന്‍ നേരത്തെ ഡല്‍ഹി സംഘര്‍ഷത്തെ വിമര്‍ശിച്ചിരുന്നു.

