• Breaking News

    കലാപം നിയന്ത്രിക്കണം; സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും രാഷ്‌ട്രപതി ഭവനിലേക്ക്

    Riot must be controlled; Sonia Gandhi and Congress leaders to Rashtrapati Bhavan,www.thekeralatimes.com

    ന്യൂഡൽഹി: ദില്ലിയിലെ കലാപം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇന്ന് രാഷ്ട്രപതിയെ കാണും. ഇതേ വിഷയത്തിൽ രാഷ്ട്രപതിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനും തീരുമാനമുണ്ട്. മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മൻമോഹൻസിംങ്, എകെ ആന്‍റണി അടക്കുമുള്ള നേതാക്കളുടെ വലിയ നിര മാര്‍ച്ചിൽ അണിനിരക്കും.

    കേന്ദ്രസേനയും ദില്ലി പൊലീസും കൈയ്യിലുണ്ടായിട്ടും കലാപം നിയന്ത്രിക്കാൻ കേന്ദ്രം ഇടപെട്ടില്ലന്ന ആക്ഷേപം സംഘം ഉന്നയിക്കും. അതേ സമയം ദില്ലിയെ പിടിച്ചുകുലുക്കിയ കലാപങ്ങളും സംഘര്‍ഷങ്ങളും അയയുന്നുവെന്നത് ആശ്വസകരമാണ്. നിലവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് 27 പേരാണ് ദില്ലി കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്.

    ഇന്നലെ രാത്രി ദില്ലി മൗജ്പുരിയില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്. മൗജ്പുരി ജാഫ്രാബാദ് എന്നിവിടങ്ങളില്‍ സുരക്ഷാസേന ഫ്ലാഗ് മാര്‍ച്ച് നടത്തി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇതുവരേയും 106 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ദില്ലി പൊലീസ് വ്യക്തമാക്കി. എന്നാല്‍ സമാധാനത്തിലേക്ക് തിരിച്ച് വരുന്നതിനിടിയിലും വടക്ക് കിഴക്കന്‍ ദില്ലിയിലെ കലാപ ബാധിത മേഖലകളിലെ ജനജീവിതം പാടേ താറുമാറായിരിക്കുകയാണ്.

    നിത്യരോഗികളും, കൂലിപ്പണിക്കാരുമായ നിരവധി പേരുടെ ജീവിതം വഴിമുട്ടി. നിരവധിപ്പോരാണ് ഇവിടങ്ങളില്‍ നിന്നും പലായനം ചെയ്തത്. കലാപബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സാധാരണ ജീവിതം ദുഷ്കരമായി. വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്.