• Breaking News

    ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍

    The district collector said that Devananda's post-mortem proceedings were videoed,www.thekeralatimes.com

    കൊല്ലത്ത് ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു.

    പുഴയില്‍ മണല്‍ വാരിയ കുഴികളുണ്ട്. ഇതാകാം ഇന്നലെ മൃതദേഹം ലഭിക്കാതിരിക്കാന്‍ കാരണമെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു. കുട്ടിയെ കണ്ടെത്താന്‍ വന്‍ തിരച്ചിലാണ് നടത്തിയിരുന്നത്. പോസ്റ്റ് മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തണമോയെന്ന കാര്യവും പരിശോധിക്കുന്നതായി കളക്ടര്‍ പറഞ്ഞു.

    കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണനും പറഞ്ഞു. എല്ലാതരത്തിലുള്ള ശാസ്ത്രീയ പരിശോധനകളും നടത്തും. ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആക്ഷേപങ്ങള്‍ അന്വേഷിക്കും. ഏതെങ്കിലും തരത്തില്‍ ആരെങ്കിലും അപായപ്പെടുത്തിയതാണെങ്കില്‍, കുറ്റവാളിയെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

    ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. വാക്കനാട് സരസ്വതി വിദ്യാപീഠം വിദ്യാര്‍ഥിനിയാണ് ദേവനന്ദ.കാണാതാവുന്ന സമയത്ത് ദേവനന്ദുടെ അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

    മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങിയത്. ഈ സമയത്ത് ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

    തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അടുത്ത് വന്നെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ നോക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു.