• Breaking News

    ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്; കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹമെന്നു കാമുകന്‍, നിര്‍ണായക വഴിത്തിരവായി വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍

    Man charged with murdering 1-year-old WhatsApp, Facebook Messages,www.thekeralatimes.com

    കണ്ണൂര്‍: മലയാളിയെ ഒന്നടങ്കം ഞെട്ടിച്ച കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്റെ പ്രേരണ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്ന് കാമുകന്‍ നിധിന്‍ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ശരണ്യയുടെ കാമുകനായ നിധിനെ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കാമുകനെയും അറസ്റ്റ് ചെയ്തത്.മൂന്നുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    കേസില്‍ രണ്ടാം പ്രതിയാണ് നിധിന്‍. കൊലപാതക പ്രേരണ,ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കാമുകന്‍ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ശരണ്യ കാമുകനെതിരെ മൊഴി നല്‍കി. സാഹചര്യതെളിവുകള്‍ക്കൊപ്പം ഇരുവരും തമ്മില്‍ നടത്തിയ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ചാറ്റുകളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ അന്വേഷണത്തിന് ലഭിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി അത് ഭര്‍ത്താവ് പ്രണവിന്റെ തലയില്‍ കെട്ടിവെച്ച് നിധിനുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമമാണ് ശരണ്യ നടത്തിയത്. കുഞ്ഞിനെ ഒഴിവാക്കിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് കാമുകനായ നിധിന്‍ ഉറപ്പുകൊടുത്തിട്ടില്ലെങ്കിലും ഇവര്‍ തമ്മില്‍ നടന്ന സംഭാഷണങ്ങളില്‍ ഇത്തരത്തില്‍ സംസാരം ഉണ്ടായിട്ടുണ്ട്.

    കഴിഞ്ഞ 17-ന് പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന കുഞ്ഞിന്റെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കടല്‍ക്കരയിലെ പകടല്‍ക്കരയിലെ പാറക്കെട്ടില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഭവം നടന്നതിന്റെ പിറ്റേദിവസംതന്നെ കുട്ടിയുടെ അമ്മ ശരണ്യയെ പോലീസ് അറസ്റ്റുചെയ്തിരുന്നു