• Breaking News

    പാല്‍ വില കൂടും; ലിറ്ററിന് ആറ് രൂപ വരെ വര്‍ദ്ധിച്ചേക്കുമെന്ന് മില്‍മ

    Milk prices go up Milma says it could increase to Rs 6 per liter,www.thekeralatimes.com

    പാലിന്റെ വില കൂട്ടാനൊരുങ്ങി മില്‍മ. ലിറ്ററിന് ആറ് രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നാണ് മേഖലാ യൂണിയനുകള്‍ മില്‍മക്ക് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. വില വര്‍ദ്ധന ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അതേസമയം വില വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ട്.

    ഓണത്തിന് മുമ്പ് ലിറ്ററിന് നാല് രൂപ മില്‍മ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആറ് രൂപയാക്കാനുള്ള ശ്രമം. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ദ്ധനയ്ക്ക് ലക്ഷ്യമിടുന്നത്.

    വില കൂട്ടിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് മില്‍മയുടെ നിലപാട്. വേനല്‍ക്കാലമായതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്. അവിടെ അടുത്തിടെയുണ്ടായ വില വര്‍ദ്ധന കാരണം അധികം വില കൊടുത്ത് പാല്‍ ഇറക്കുമതി ചെയ്യണം.

    എന്നാല്‍ വില കൂട്ടുന്ന കാര്യം മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. വില കൂട്ടുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ട് തവണ വില കൂട്ടി. ഇനി ഒരു തവണ കൂടി കൂട്ടിയാല്‍ തിരിച്ചടിയായേക്കുമെന്ന ഭയം സര്‍ക്കാരിനുണ്ട്.