യൂസഫ് ചോപന്‍ പുല്‍വാമ കേസിലെ പ്രതിയല്ല; ജാമ്യം ലഭിച്ചതിന് പിന്നാലെ വിശദീകരണവുമായി എന്‍ഐഎ
പുല്‍വാമ ഭീകരാക്രമണക്കേസ് പ്രതി യൂസഫ് ചോപന് ജാമ്യം ലഭിച്ചതില്‍ വിശദീകരണവുമായി എന്‍ഐഎ രംഗത്ത്. ഇയാളെ പുല്‍വാമ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് എന്‍ ഐ എ നല്‍കിയ വിശദീകരണം. യൂസഫ് ചോപ്പാനെ ജൈഷേ ഗൂഢാലോചന കേസിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വ്യക്തമാക്കി.
കേസ് അന്വേഷിച്ച എന്‍ഐഎ പ്രതിക്കെതിരെ നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിയായ യൂസഫ് ചോപ്പാനെ ജാമ്യത്തില്‍ വിട്ടത് എന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത. മതിയായ തെളിവ് വേണ്ടതിനാലാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതെന്നാണ് എന്‍ഐഎ വിശദീകരണം.
2019 ഫെബ്രുവരി 14 ന് ആണ് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്.കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് മലയാളിയടക്കം 40 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

