• Breaking News

    ഡൽഹി കലാപം: അക്രമത്തിലെ ഇരകള്‍ക്ക് ക്യാമ്പസിൽ അഭയം നല്‍കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് യാതൊരു അവകാശവുമില്ല; നിലപാട് കടുപ്പിച്ച് സര്‍വ്വകലാശാല

    Delhi riots: JNU student union has no right to shelter victims of violence on campus University with a stern stance,www.thekeralatimes.com

    ന്യൂഡൽഹി: ഡൽഹി അക്രമത്തിലെ ഇരകള്‍ക്ക് ക്യാമ്പസിൽ അഭയം നല്‍കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് യാതൊരു അവകാശവുമില്ലെന്നും ഒരു കാരണവശാലും വിദ്യാർത്ഥികൾ അതിനു തയ്യാറാകരുതെന്നും ജെഎന്‍യു സര്‍വ്വകലാശാല. ഡൽഹി അക്രമത്തിലെ ഇരകള്‍ക്ക് അഭയം നല്‍കരുതെന്ന് സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ജെഎന്‍യു പോലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പഠനത്തിനും ഗവേഷണത്തിനുമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഓര്‍മപ്പെടുത്തുന്നതായും നോട്ടീസില്‍ പറയുന്നു. അക്രമത്തിന് ഇരയായവര്‍ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അഭയം നല്‍കാമെന്ന് അറിയിച്ചതോടെ തങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ച്‌ അഡ്മിനിസ്ട്രേഷന് ഫോണ്‍കോളുകള്‍ ലഭിച്ചുവെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം.

    അക്രമത്തിന്റെ ഇരകള്‍ക്ക് ജെഎന്‍യു ക്യാമ്ബസും ജെഎന്‍യു യൂണിയന്‍ ഓഫീസും അഭയം നല്‍കുന്നതിനായി തുറന്നുനല്‍കുന്നതായി കാണിച്ച്‌ വിദ്യാര്‍ത്ഥി യൂണിയന്റെ ട്വീറ്റ് പുറത്തുവന്നിരുന്നു. ഫെബ്രുവരി 26ന് വിദ്യാര്‍ത്ഥി സംഘടനയുടെ ട്വിറ്റര്‍ പേജിലായിരുന്നു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന്റെ നീക്കം. ജെഎന്‍യു നിവാസികള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനായിരിക്കും ഉത്തരവാദികളെന്നും അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.