പലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ്
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റില്‍ രാവിലെ പതിനൊന്നിനു ഹാജരാകാനാണ് വിജിലന്‍സ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയ്ക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള പ്രധാന ആരോപണം.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മൂന്നാം തവണയാണ് വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.ഇന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസിലെത്താന് ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞ ദിവസം വിജിലന്‍സ് നോട്ടീസ് നല്കിയിരുന്നു. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ച ശേഷം കഴിഞ്ഞ 15 ന് തിരുവനന്തപുരത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഇബ്രാഹിം കുഞ്ഞിനായില്ലന്നാണ് വിവരം. വാസ്തവിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
പാലാരിവട്ടം അഴിമതിക്കേസില്‍ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തെങ്കിലും വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തിരുന്നില്ല. രേഖപ്പെടുത്തിയ മൊഴിയിലും ശേഖരിച്ച വിവരങ്ങളിലും വ്യക്ത തേടുകയാണ് ഇന്നത്തെ ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. ഇതിനുശേഷമാകും പ്രതിചേര്‍ക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സ് തീരുമാനമെടുക്കുക.
ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. കരാര്‍ കമ്പനിയായ ആര്‍ഡിഎസിനു മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന നിലയില്‍ എട്ടുകോടിയിലേറെ രൂപ നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജ് മൊഴി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെ തന്നെ സെക്രട്ടറിയേറ്റില്‍ നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു.