• Breaking News

    ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജികള്‍ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി

    Supreme Court rejects plea against repeal of Article 370,www.thekeralatimes.com

    ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

    1959 ലെ പ്രേംനാഥ് കൗള്‍ കേസിലും 1970 ലെ സമ്പത് പ്രകാശ് കേസിലും ഭരണഘടനയുടെ 370-ാം അനുഛേദ പ്രകാരം പ്രഖ്യാപിച്ച വിധികള്‍ തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ 370-ാം വകുപ്പ് ദുര്‍ബലപ്പെടുത്തിയതിനെതിരായ ഹരജികള്‍ വിശാല ബെഞ്ചിന് വിടണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

    എന്നാല്‍ 1959 ലെയും 1970 ലെയും വിധികള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്നാണ് ജസ്റ്റിസ് എം.വി. രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.

    ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഹരജി പരിഗണിച്ച മറ്റ് ജഡ്ജിമാര്‍.

    1959 ലെയും 1970 ലെയും വിധിയില്‍ 370-ാം വകുപ്പില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.

    ആഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.