ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഭക്തി നിര്‍ഭരമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. മാര്‍ച്ച് ഒമ്പതിനാണ് ലോകപ്രശസ്തമായ പൊങ്കാല. രാവിലെ 9.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കാപ്പുകെട്ടി കുടിയിരുത്തല്‍ ചടങ്ങ് നടന്നത്.
ഒമ്പത് ദിവസത്തെ കലാപരിപാടികള്‍ക്കും ഇന്ന് തുടക്കമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഹരിതചട്ടം കൂടുതല്‍ കര്‍ക്കശമാക്കിയായിരിക്കും ഇത്തവണ പൊങ്കാല നടത്തുക. പൊങ്കാല അര്‍പ്പിക്കുന്നവരും ഭക്ഷണം വിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് തീരുമാനം.
വൈകിട്ട് 6.30ന് ചലച്ചിത്ര താരം അനു സിത്താര കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബിക്ക് സമ്മാനിക്കും. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ക്കായി നാലുയോഗങ്ങളാണ് നടത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ ശ്രീകുമാര്‍ എന്നിവരും കലക്ടര്‍, പൊലീസ്, റെയില്‍വേ, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പൊങ്കാല ദിനമായ ഒമ്പതിന് നടക്കുന്ന കുത്തിയോട്ടത്തിന് ഇതുവരെ എണ്ണൂറിലധികം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

