• Breaking News

    കലാപ ബാധിതരുടെ ചികിത്സയ്ക്കും വൈദ്യസഹായത്തിനുമായി എന്തെല്ലാം നടപടി സ്വീകരിച്ചു; ഡൽഹി പൊലീസിനോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

    What steps have been taken to provide medical care and assistance to victims of riots; HC seeks immediate submission of report to Delhi Police,www.thekeralatimes.com

    ന്യൂഡൽഹി: വടക്കുകിഴക്കന്‍ ഡൽഹിയില്‍ നടന്ന കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കിയ ചികിത്സാ സഹായത്തെ കുറിച്ചും ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡൽഹി പൊലീസിനോട് ഹൈക്കോടതി.

    ഇരകളുടെ പുനരധിവാസത്തിനായി ചില നിര്‍ദേശങ്ങള്‍ നല്‍കിയ കോടതി ഫെബ്രുവരി 26 ലെ ഉത്തരവിന് അനുസൃതമായി പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ചാണ് ആരാഞ്ഞത്. ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി പൊലീസിന് നിര്‍ദേശം നല്‍കിയത്.

    രാജ്യ തലസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ കലാപമുണ്ടായതായുള്ള തരത്തില്‍ ഞായറാഴ്ച വൈകുന്നേരം ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചതായും ഡൽഹി സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ രാഹുല്‍ മെഹ്റ കോടതിയെ അറിയിച്ചു.

    ഇത്തരം അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തന്നെ മുന്‍ കൈ എടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്രമത്തിന് ഇരകളായതിനെ തുടര്‍ന്ന് സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്ന കോളുകള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

    പരിക്കേറ്റവര്‍ക്ക് ആംബുലന്‍സുകള്‍ സുരക്ഷിതമായി നല്‍കാനും ഇവരെ പുനരധിവസിപ്പിക്കാനും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

    വടക്കുകിഴക്കന്‍ ഡൽഹിയില്‍ നടന്ന വര്‍ഗീയ അക്രമത്തില്‍ 46 പേര്‍ മരിക്കുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.