മലേഷ്യയിലെ ജോലി സ്ഥലത്ത് ക്രൂരപീഡനത്തിന് ഇരയായ മലയാളി നാട്ടില്‍ തിരികെയെത്തി
തിരുവനന്തപുരം: മലേഷ്യയില്‍ കുടുങ്ങി കിടന്ന മലയാളി ഹരിദാസ് മോചിതനായി ചെന്നൈയിലെത്തിയതായി വിവരം. ഇന്ന് പുലര്‍ച്ചെ ചെന്നയില്‍ വിമാനം ഇറങ്ങിയ ഹരിദാസ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയാണന്ന് ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിളിച്ചിട്ട് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. മലയാളി അസോസിയേഷന്‍ എംബസിയുടെ സഹായത്തോടെ ഇന്നലെ രാത്രി ഇദ്ദേഹത്തെ കയറ്റി വിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഹരിദാസ് മലേഷ്യയിലെ ജോലി സ്ഥലത്ത് ക്രൂരപീഡനത്തിന് ഇരയായിരുന്നു. ശമ്പള കുടിശിക ചോദിച്ചതിന് തൊഴിലുടമ ഹരിദാസിന്റെ ശരീരത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. 30,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പലപ്പോഴും ഇതിന്റെ പകുതി മാത്രമാണ് ഹരിദാസിന് ലഭിച്ചിരുന്നത്. 7 മാസമായി ശമ്പളമേ ലഭിച്ചിരുന്നില്ലെന്നും ഫോണിലൂടെ സംസാരിക്കാന്‍ പോലും ഹരിദാസിന് അനുവാദം ലഭിച്ചിരുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

