'നിങ്ങള്‍ ചെയ്യുന്നത് ദൈവത്തിന്റെ ജോലി, ഇത് ഞങ്ങളുടെ നന്ദിയും കടപ്പാടും,' കലാപത്തില്‍ സഹായിച്ച സിഖ് ജനതക്ക് തര്‍ക്കഭൂമി വിട്ടുനല്‍കി സഹരണ്‍പൂരിലെ മുസ്‌ലിമുകള്‍
സഹരണ്‍പൂര്‍: ഹിന്ദുത്വ തീവ്രവാദികള്‍ ഡൽഹിയില്‍ നടത്തിയ കലാപത്തില്‍ ഇരയായ മുസ്‌ലിമുകളെ സഹായിക്കുന്നതിനായി നിരവധി സിഖുകാരനാണ് രംഗത്ത് വന്നിരുന്നത്. സഹായങ്ങള്‍ക്ക് നന്ദിയായി വര്‍ഷങ്ങളായി തര്‍ക്കത്തിലായിരുന്ന ഭൂമി സിഖ് സമൂഹത്തിന് വിട്ടുനല്‍കിയിരിക്കുകയാണ് പ്രദേശത്തെ മുസ്‌ലിം വിഭാഗക്കാര്‍.
ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലെ ഗുരുദ്വാരക്കടുത്തുള്ള ഭൂമി സിഖുകാര്‍ വാങ്ങിയിരുന്നു. ഗുരുദ്വാരയോട് പുതിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി വേണ്ടിയായിരുന്ന ഈ ഭൂമി വാങ്ങിയത്. ഇവിടെ മുന്‍പ് മുസ്‌ലിം പള്ളിയുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിമുകള്‍ രംഗത്ത് വന്നു. കേസ് സുപ്രീം കോടതിയിലെത്തുകയും സിഖുകാര്‍ക്ക് അനുകൂലമായി വിധി വരികയും ചെയ്തു. മുസ്‌ലിമുകള്‍ക്കായി പകരം ഭൂമി നല്‍കുകയുമുണ്ടായി. എങ്കിലും പത്ത് വര്‍ഷമായി ഈ ഭൂമി തര്‍ക്കകാരണമായി തന്നെ തുടരുകയായിരുന്നു.
വടക്ക് കിഴക്കന്‍ ഡൽഹിയില്‍ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കലാപത്തില്‍ ഇരയായവരെ രക്ഷിക്കുന്നതിന് വേണ്ടി നിരവധി സിഖുകാര്‍ രംഗത്ത് വന്നിരുന്നു. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ഇവരില്‍ പലരും രക്ഷാപ്രവര്‍ത്തനനം നടത്തിയത്. കൂടാതെ പ്രദേശത്തെ ഗുരുദ്വാരകളെല്ലാം കലാപത്തില്‍ ഇരയായവര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
കലാപബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിലും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
കലാപദിവസങ്ങളിലെ സഹായങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലകൊണ്ടതിലും നന്ദിയറിയിച്ചുകൊണ്ടാണ് ഈ തര്‍ക്കം പരിഹരിക്കാനും പകരം നല്‍കിയ ഭൂമിയടക്കം തിരിച്ചുനല്‍കാനും മുസ്‌ലിം ജനത തയ്യാറായത്.Heartwarming! Muslims in Saharanpur gave up their claim over land in dispute with a Gurdwara. Reason: gratitude for help given by Sikhs during Delhi violence & anti CAA protests. The 2 communities will help lay foundation for each other's place of worship https://t.co/vwYN275aJq— Aditya Menon (@AdityaMenon22) February 29, 2020
‘ഡൽഹിയില്‍ നടന്നിരുന്ന പ്രതിഷേധങ്ങളിലെല്ലാം വലിയ പിന്തുണയാണ് സിഖ് സമൂഹം മുസ്‌ലിങ്ങള്‍ക്ക് നല്‍കിയത്. ഡൽഹി കലാപത്തിലും അവര്‍ ഏറെ സഹായങ്ങള്‍ ചെയ്തു. ഇക്കാര്യങ്ങളുടെ വെളിച്ചത്തിലാണ് സഹരണ്‍പൂര്‍ മസ്ജിദ് കമ്മിറ്റി ഭൂമിക്ക് മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സിഖ് ജനതയോടുള്ള നന്ദിയും കടപ്പാടുമാണിത്.’ നിസാം പാഷ ദി ക്വിന്റിനോട പറഞ്ഞു.
സിഖ് ജനത ദൈവത്തിന്റെ ജോലിയാണ് ചെയ്യുന്നതെന്ന് ഭൂമിക്കായി കോടതിയില്‍ ഹരജി നല്‍കിയിരുന്നു മുഹറം അലി പറഞ്ഞു. ‘സിഖ് ജനത മാനവികക്കായി നിലനില്‍ക്കുന്നവരാണ്. അവര്‍ ആവശ്യക്കാരെ സഹായിക്കുന്നു. ഡൽഹി കലാപത്തില്‍ ഇരയായവരെ അവര്‍ സഹായിച്ചു.’ മുഹറം അലി പറഞ്ഞു.

