തൊഴിലുറപ്പില്‍ കോടികള്‍ കൈയിട്ടു വാരിയവര്‍ക്കെതിരെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കാന്‍ തയ്യാറെടുക്കവെ തൽസ്ഥാനത്തു നിന്ന് സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നീക്കി, കേന്ദ്രം ഇടപെട്ടേക്കും
തിരുവനന്തപുരം: എബി ജോര്‍ജ്ജിനെ നീക്കം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടേക്കും. തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറായിരുന്ന എബി ജോര്‍ജിനെ പദ്ധതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സമ്ബൂര്‍ണ്ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കാന്‍ തയ്യാറെടുക്കവെയാണ് നീക്കിയത്. സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പ്രവര്‍ത്തനകാലത്തെ കണ്ടെത്തലുകള്‍ കേന്ദ്രത്തെ അറിയിക്കാനാണ് എബി ജോര്‍ജിന്റെ നീക്കം.ഡയറക്ടര്‍ തിരഞ്ഞെടുപ്പില്‍ ഒന്നാം റാങ്കോടെ പാസ്സായി സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറായി വന്ന ഡോ.എബി ജോര്‍ജിനെ സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്നും തെറിപ്പിച്ചത് അഴിമതി പുറത്തു വരുമെന്നുള്ള ഭയം കൊണ്ടാണോ എന്നാണ് പലരുടെയും ചോദ്യം.
തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തിയ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ എബി ജോര്‍ജ്ജിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചത് വിവാദമായിരുന്നു. ആയിരത്തി അറുനൂറോളം വാര്‍ഡുകളില്‍ നടന്ന തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
മഴക്കുഴി നിര്‍മ്മാണം, ഡ്രെയിനേജ് നിര്‍മ്മാണം, അടക്കം തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ പല പഞ്ചായത്തുകളും നല്‍കിയ കണക്കുകള്‍ ഓഡിറ്റില്‍ പൊളിഞ്ഞു. പണം വാങ്ങിയതിന്റെ പകുതി പോലും പ്രവര്‍ത്തനങ്ങള്‍ പല വാര്‍ഡുകളിലും നടക്കാതിരുന്നത് പുറത്തായതോടെ പഞ്ചായത്ത് ഭരണസമിതികള്‍ വെട്ടിലായി. ഇതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ എബി ജോര്‍ജിനെ നീക്കിയത്. സോഷ്യല്‍ ഓഡിറ്റ് ഭരണസമിതിയുടെ അനുമതിയില്ലാതെ എബി ജോര്‍ജിനെ നീക്കിയത് ചട്ടലംഘനമാണെന്നും ആക്ഷേപമുണ്ട്.

