ദുരിതാശ്വാസ നിധിയിലേക്ക് വർഷങ്ങളായി സംഭാവന നൽകുന്ന ആദർശ്; മുഖ്യമന്ത്രി പറഞ്ഞ ആ ഒമ്പതാം ക്ലാസ്സുകാരൻ
പാറശാല: ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ സ്കൂളുകളിൽ മണിബോക്സ് എന്ന ആശയം പ്രാവർത്തികമാക്കിയ ആദർശിന്റെ നന്മയെ വാർത്താസമ്മേളനത്തിൽ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആറുദിവസത്തെ ശമ്പളം മാറ്റിവയ്‌ക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപകരെക്കുറിച്ച് പ്രതികരിക്കവേയാണ് ആദർശിന്റെ മാനവികത ഉയർത്തിക്കാട്ടിയത്. ദുരിതം അനുഭവിക്കുന്നവരെക്കുറിച്ചുള്ള കുട്ടികളുടെ കരുതൽ എത്ര വലുതാണ് എന്ന് തെളിയിക്കുന്നതായിരുന്നു ആദർശിന്റെ പ്രോജക്‌ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആർ എ ആദർശ് അഞ്ചാം ക്ലാസ് മുതൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്. കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിനുശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദർശ് എല്ലാ മാസവും തന്നാൽ കഴിയുന്ന തുക മണിഓർഡറായി അയച്ച് തുടങ്ങിയത്.
പ്രളയവും പ്രകൃതിദുരന്തവും വന്നതോടെയാണ് വിദ്യാലയങ്ങളിൽ മണി ബോക്സ് സ്ഥാപിക്കുക എന്ന ആശയം ഉണ്ടായത്. വർഷത്തിലൊരിക്കൽ ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് അയക്കുക. ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന സ്കൂളിന് വിശിഷ്ട വ്യക്തികളെക്കൊണ്ട് ബഹുമതിപത്രം നൽകുക. ആശയം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. വിദ്യാഭ്യാസ വകുപ്പും ധനവകുപ്പും നടപടികൾ സ്വീകരിച്ചു. പരീക്ഷണാർഥം സെപ്‌തംബർ 2 മുതൽ 6 വരെ സ്കൂളുകളിൽ സ്ഥാപിച്ച മണിബോക്സിലൂടെ രണ്ട് കോടിയിലധികം രൂപയാണ് ലഭിച്ചത്. പി ടി രമേശൻനായരുടെയും ആശയുടെയും മകനായ ആദർശ് ഇന്ത്യയിലെ മികച്ച വിദ്യാർഥിയായി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.