• Breaking News

    കോവിഡ് 19: മുൻകരുതലായി ചെയ്യേണ്ട ഒരുപിടി നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

    Covid 19: Central government with a set of directives,www.thekeralatimes.com

    ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് കടക്കുമ്പോൾ മുൻകരുതലായി ചെയ്യേണ്ട ഒരുപിടി നിർദ്ദേശങ്ങൾ പങ്കു വെച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വീട്ടിലിരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും അത്യാവശ്യ സര്‍വീസുകളായി ഓഫീസിലിരിക്കുമ്പോഴും എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് സംബന്ധിച്ച് പലവിധ സംശയങ്ങളാണ് നമുക്കുള്ളത്.

    അതിലൊന്നാണ് റൂമിലോ ഓഫീസിലോ എ.സി പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. അടച്ചിട്ട മുറിയില്‍ എസി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള കേസുകളും റിപ്പോര്‍‌ട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രം.

    കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നത് ഗാര്‍ഹിക എസിയുടെ താപനില 24-30 സെന്റിഗ്രേഡില്‍ നിലനിര്‍ത്തണമെന്നാണ്. എ.സി ഓണ്‍ ആക്കി മുറിയിലെ താപനില ക്രമീകരിക്കുന്നതിനൊപ്പം ജനലുകള്‍ ചെറുതായി തുറന്നിടുകയോ എക്‌സ്‌ഹോസ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയോ വേണം. വരണ്ട കാലാവസ്ഥയില്‍ ഹ്യുമിഡിറ്റി 40%ല്‍ താഴെയാവരുത്, ഇതിനായി പാത്രത്തില്‍ വെള്ളം സൂക്ഷിച്ച് മുറിയില്‍ വെയ്ക്കാം.

    എ.സി പ്രവര്‍ത്തിക്കാത്തപ്പോള്‍ മുറിയില്‍ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ജനലുകള്‍ തുറന്നിടാം. ഫാനുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും ജനലുകള്‍ തുറന്നുവെയ്ക്കണം. ബാഷ്പീകരണം നടക്കുന്നതിനാല്‍ ഹ്യുമിഡിറ്റി കുറയുന്നത് പരിഹരിക്കപ്പെടും.

    ലോക്ക് ഡൗണ്‍ മൂലം പല വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇവിടിങ്ങളിലെ എ.സി ഫില്‍ട്ടറുകളില്‍ ഫംഗസ്, പൂപ്പല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാം. പ്രാണികള്‍ എലികളുടെ വിസര്‍ജ്യം എന്നിവ കാണപ്പെടുന്നത് സ്വാഭാവികമാണ്. ഇത് പലരോഗങ്ങള്‍ക്കും ഇടവരുത്തും. അതിനാല്‍ ലോക്ക് ഡൗണിനു ശേഷം പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സ്ഥാപനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയോ എ.സി ടെക്‌നീഷ്യന്മാരെക്കൊണ്ട് നിര്‍ബന്ധമായും പരിശോധിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.

    ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹീറ്റിംഗ് റഫ്രിജറേറ്റിംഗ് ആന്റ് എയര്‍ കണ്ടീഷനര്‍ എഞ്ചിനീയേര്‍സ് ആണ് എ.സി ഉപയോഗം സംബന്ധിച്ച സുരക്ഷാനിര്‍ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്.