ന്യൂനപക്ഷങ്ങൾക്ക് ബിജെപിയിൽ വലിയ സ്ഥാനമുണ്ട്: വീട്ടിലേക്ക് അതിഥിയായെത്തുന്നവരെ കസേര ഇട്ട് സ്വീകരിക്കുന്നതാണ് തങ്ങളുടെ രീതിയെന്ന് എം.ടി രമേശ്

തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് ബിജെപിയിൽ വലിയ സ്ഥാനമുണ്ടെന്ന് എപി അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി തെളിയിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ന്യൂനപക്ഷങ്ങൾക്ക് മോദി സർക്കാരിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹത്തെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയതിൽ നേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ല. വീട്ടിലേക്ക് അതിഥിയായെത്തുന്നവരെ കസേര ഇട്ട് സ്വീകരിക്കന്നതാണ് ബിജെപിയുടെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി കൂടുതൽ ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.
കോലീബി സഖ്യം എന്ന സിപിഎമ്മിന്റെ ആരോപണം ഇനി വിലപ്പോകില്ല. ബിജെപിക്കെതിരെ സിപിഎം- കോണ്‍ഗ്രസ് സഖ്യം ദേശീയ തലത്തിലും സംസ്ഥാനത്തും നിലനിൽക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇനി കഴിയില്ല. ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതില്‍ സിപിഎം അസ്വസ്ഥമാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും എം ടി രമേശ് പറയുകയുണ്ടായി.