പ്രമേഹ രോഗികൾക്ക് ഇനി കാല്പാദം മുറിച്ചു മാറ്റേണ്ട, ലോകത്ത് ആദ്യത്തെ മരുന്നുമായി ഇന്ത്യൻ കമ്പനി
കൊച്ചി: പ്രമേഹ രോഗികളില്‍ കാല്‍പാദം മുറിച്ചു മാറ്റേണ്ടി വന്നേക്കാവുന്ന രോഗാവസ്ഥയ്ക്ക് മരുന്നുമായി സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. പ്രമേഹ പാദ അൾസർ (ഡയബറ്റിക് ഫൂട്ട്) രോഗത്തിന് പ്രതിവിധിയായാണ് വോക്‌സ്ഹീല്‍ എന്ന സവിശേഷ മരുന്ന് തയ്യാറാക്കിയിട്ടുള്ളത്. ഇരട്ട പ്രവര്‍ത്തനഫലം നല്‍കുന്ന ഈ മരുന്ന് ആഗോള തലത്തില്‍ ലക്ഷക്കണക്കിനു പ്രമേഹ രോഗികളെ കാല്‍പാദം മുറിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട് .
ശരീരത്തില്‍ പുരട്ടാവുന്ന വോക്‌സ്ഹീല്‍ ഡൈപെറോക്‌സോക്ലോറിക് ആസിഡ് എന്ന എന്‍സിഇ അടങ്ങിയതാണ്. ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് ബാക്ടീരിയകളെ പ്രതിരോധിക്കുകയും, മുറിവുകളെ പൂര്‍ണമായും ഉണയ്ക്കുന്ന ഫൈബ്രൊബ്ലാസ്റ്റ് കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഇരട്ട പ്രവര്‍ത്തന ശേഷിയും വോക്‌സ്ഹീലിനുണ്ട്.
ഇന്ത്യയിലുടനീളം 15 പരീക്ഷണ കേന്ദ്രങ്ങളിലായി നടത്തിയ ഈ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഭേദമാകാത്ത ഡയബറ്റിക് ഫൂട്ട് അള്‍സറുള്ള 90 ശതമാനം രോഗികളിലും ഈ അള്‍സറിന്റെ വലിപ്പം കുറഞ്ഞു വന്നതായും, 75 ശതമാനം രോഗികളില്‍ 6-8 ആഴ്ച കൊണ്ട് ഈ രോഗം പൂര്‍ണമായും സുഖപ്പെട്ടതായും വ്യക്തമായിട്ടുണ്ട്. ഈ പരീക്ഷണ ഫലം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട നിയന്ത്രണ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും വോക്‌സ്ഹീല്‍ ഉല്‍പ്പാദിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള അനുമതി സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
'ഇന്ത്യയില്‍ ഇങ്ങനെ കാല്‍പ്പാദം മുറിച്ചു മാറ്റേണ്ടി വരുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്ന നിരക്കിലാണ് വര്‍ധിച്ചു വരുന്നത്. ഇതു തടയാന്‍ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തിറങ്ങുകയായിരുന്നു. ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ചികിത്സയ്ക്കുള്ള പ്രത്യേക തന്മാത്ര സ്വന്തമായുള്ള ജര്‍മനിയിലെ സൈറ്റോടൂള്‍സുമായി 15 വര്‍ഷം മുമ്പ് ഞങ്ങള്‍ കൈകോര്‍ത്തു. ഇപ്പോള്‍ ഇന്ത്യയില്‍ ഡയബറ്റിക് ഫൂട്ട് അള്‍സര്‍ രോഗവുമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷാ കിരണം നല്‍കാനായതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്,' സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയര്‍മാനും എംഡിയുമായ എസ്.ഡി സാവന്ത് പറഞ്ഞു.
