• Breaking News

    സ്ത്രീവിരുദ്ധത മുതലാക്കിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം; അഡ്വ. മഞ്ചവിളാകം പ്രദീപ് എഴുതുന്നു...

    Communist ideology that exploits Anti Feminism; Adv. Manjavilakam Pradeep writes ... , www.thekeralatimes.com

    ലോകരാജ്യങ്ങളിൽ സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നടന്ന പ്രക്ഷോഭങ്ങളെ ചുവടുപിടിച്ചുകൊണ്ട് ഭാരതത്തിൽ 1925 ഡിസംബർ 26 ന് കാൺപൂരിലും തുടർന്ന് 1937 കേരളത്തിലും രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടത് അസംഘടിതരായ സ്ത്രീ തൊഴിലാളിവർഗ്ഗം കർഷക സമരങ്ങൾക്കും ഭൂസമരങ്ങൾക്കും നേതൃത്വം കൊടുത്തതിലൂടെയാണ്. ലോക രാജ്യങ്ങളിലും കമ്മ്യൂണിസത്തിൻ്റെ വളർച്ച ഉണ്ടാകുന്നത് സ്ത്രീ തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരങ്ങളെ ഏറ്റെടുത്തുകൊണ്ടാണ്.

    ലോകത്ത് സ്ത്രീകൾ ആദ്യമായി അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നത് 1857 മാർച്ച് എട്ടിന് ന്യൂയോർക്കിലായിരിന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനും ജോലിസമയം കുറയ്ക്കുന്നതിനും കുറഞ്ഞ വേതനത്തിനെതിരെയും മുതലാളിത്തത്തിനെതിരെയും തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന സ്ത്രീകൾ ന്യൂയോർക്ക് സിറ്റിയിലൂടെ നടത്തിയ ഐതിഹാസിക സമരം പിന്നീട് ലോക രാജ്യങ്ങളിൽ തന്നെ നിരവധി സ്ത്രീ പ്രക്ഷോഭങ്ങൾക്ക് പ്രചോദനമായി.സ്ത്രീകളുടെ നേതൃത്വത്തിൽ നിരവധി ചരിത്ര സമരങ്ങൾക്കാണ് പിന്നീടങ്ങോട്ട് ലോകം സാക്ഷിയായത്. ജർമനി ,സ്വിറ്റ്സർലൻഡ് ,യൂറോപ്പ് ,റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന നിരവധി വിപ്ലവങ്ങൾ ലോക ശ്രദ്ധ നേടുകയും പിന്നീട് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം രൂപപ്പെടുകയും സ്ത്രീ പ്രക്ഷോഭം ആദ്യമായി നടന്ന മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ഐക്യരാഷ്ട്രസഭ 1975 ൽ പ്രഖ്യാപിക്കുകയും ചെയ്തു. അതോടൊപ്പം സ്ത്രീ സമത്വവും സ്ത്രീ സ്വാതന്ത്ര്യവും രാഷ്ട്രീയ ആദർശങ്ങളായി കാണുവാൻ മാർക്സിസ്റ്റും ഇടതുപക്ഷവും തയ്യാറാകുകയും ചെയ്തു. സ്ത്രീ വിമോചനവും സമത്വവുമായി ബന്ധപ്പെട്ട ഏറ്റവും ശക്തമായ ആശയങ്ങൾ മുന്നോട്ടു വച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. ലൈംഗിക അടിമത്തം സാമ്പത്തിക അടിമത്വം തുടങ്ങി എല്ലാവിധ പ്രശ്നങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെ മോചനമാണ് മാർക്സിസ്റ്റുകൾ ഒരു കാലത്ത് വിഭാവനം ചെയ്തിതിരുന്നത്. സ്ത്രീ നവോത്ഥാനത്തിനു വേണ്ടി ചുക്കാൻ പിടിക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് എന്ന് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റും വാനോളം പാടുമ്പോഴും സ്ത്രീകളോടുള്ള ഇന്നത്തെ പാർട്ടിക്കാരുടെ നിലപാടും സമീപനവും കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കന്മാരെ പോലും വേദനിപ്പിക്കുന്ന തരത്തിലാണ്. സ്ത്രീവിരുദ്ധ നിലപാടും സ്ത്രീപീഡനവും ആയിട്ടാണ് പാർട്ടി നേതാക്കന്മാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.2020 സെപ്റ്റംബർ മാസം പത്താം തീയതി തലസ്ഥാനജില്ലയിൽ ആശ എന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തക പാർട്ടിയുടെ പേരിലുള്ള കെട്ടിടത്തിൽ ജീവനൊടുക്കിയ സംഭവം വിരൽചൂണ്ടുന്നതും ഇന്നത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെയാണ്.

    തീവ്രമായ രാഷ്ട്രീയബോധമുള്ള സ്ത്രീകളുടെ സാമൂഹ്യ പുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളുടെ പുറത്ത് പടുത്തുയർത്തിയതാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ .കേരളത്തിൽ കളർകോട് പാടത്ത് സഖാവ് ദേവയാനിയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരവും ചീമേനി എസ്റ്റേറ്റിലെ തോൽവിറകു സമരവും കണ്ടകൈ പ്രദേശത്തെ മേച്ചിൽപുൽ സമരവും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനകീയ സ്വഭാവം നൽകി. ഇത്തരത്തിൽ സ്ത്രീ സമരങ്ങളിലൂടെയും ധീരസമരനായികമാരിലൂടെയും പടുത്തുയർത്തിയ ഇടതുപക്ഷ പ്രസ്ഥാനം ആധുനിക കേരളത്തിൽ സ്വന്തം പാർട്ടിയിലെ വനിതാനേതാക്കന്മാരേയും പ്രവർത്തക മാരേയും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കിരയാക്കി കൊണ്ടുള്ള സ്ത്രീവിരുദ്ധനിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നത്.

    ഒരു കാലഘട്ടത്തിൽ കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ വിപ്ലവ നക്ഷത്രമായിരുന്നു കെ ആർ ഗൗരിയമ്മ എന്ന ഉരുക്കുവനിത. 1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം മുഴങ്ങിക്കേട്ട ഇടതുമുന്നണിയുടെ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു " കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിക്കട്ടെ. "പക്ഷേ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി ഇടതുപക്ഷം അധികാരമേറ്റങ്കിലും ഭരണചക്രം ഗൗരിയമ്മയ്ക്ക് കിട്ടിയില്ല.സ്വാതന്ത്ര്യാനന്തര കാലത്തെ കേരളത്തിലെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണായക സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ നേതാവായിരുന്ന ഗൗരിയമ്മ ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്നും പുറത്തുപോകേണ്ടിവന്നതും പാർട്ടിയുടെ സ്ത്രീവിരുദ്ധനിലപാടിനുദാഹരണമാണ്.

    എസ്.എഫ്.ഐയുടെ കേരളത്തിലെ തീപ്പൊരി നേതാവ് ,വിദ്യാർത്ഥി സമരങ്ങളുടെ ഭാഗമായി പോലീസ് മർദ്ദനം ഏറ്റുവാങ്ങുകയും ജയിൽവാസം അനുഭവിക്കുകയും ഒരു കാലഘട്ടത്തിൽ എസ്.എഫ്.ഐയുടെ കേരളത്തിലെ മുഖവും ഉന്നത ഭാരവാഹിപദം അലങ്കരിച്ച ഏക വനിതയുമായ സിന്ധുജോയ് പാർട്ടി വിട്ട് പോയതും സിപിഎം സ്ത്രീവിരുദ്ധ നിലപാടിന്റെ ഇരയായിട്ടാണ്.

    മാർക്സിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കന്മാർ അവലംബിച്ചു കൊണ്ടിരുന്ന സ്ത്രീവിരുദ്ധ നിലപാട് തന്നെയാണ് ഇന്നും ഈ കാലഘട്ടത്തിൽ പോലും അവരുടെ പിൻതലമുറക്കാർ ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. പിണറായി സർക്കാരിന്റെ ഭരണകാലത്ത് നമ്മുടെ കലാലയങ്ങൾ പോലും ഗുരുത്വക്കേടിലോട്ടാണ് പോയത്. ഗുരുവിനെ ദൈവമായി കാണണമെന്നുള്ള നമ്മുടെ സംസ്ക്കാരത്തെപ്പോലും വെല്ലുവിളിച്ച്കൊണ്ട് എസ്എഫ്ഐ നടത്തിയിട്ടുള്ള നീചമായ പ്രവർത്തികൾ വിദ്യാർത്ഥി സമൂഹത്തിനും , സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തന്നെ അപമാനമായിരുന്നു.2016 മാർച്ച് 31ന് വിരമിച്ച പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപിക ടി എൻ സരസുവിന് എസ് എഫ് ഐക്കാർ കുഴിമാടം ഒരുക്കിയതും 2017 ജനുവരി 19ന് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ എൻ.എൻ. ബീനയുടെ കസേര എസ്എഫ് ഐക്കാർ കത്തിച്ചതും കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു പി.ടി. പുഷ്പജ ടീച്ചറിന് ആദരാഞ്ജലികൾ അർപ്പിച്ചതും ഭാവി തലമുറയിലെ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ സ്ത്രീവിരുദ്ധ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. 

    കേരളത്തിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ച കേസുകളായിരുന്നു കിളിരൂർ പീഡനവും കവിയൂർ പീഡനവും .2004 നവംബർ മാസം ഇരുപത്തിയേഴാം തീയതി പാർട്ടിയുടെ മുതിർന്ന നേതാവായ വി എസ് അച്യുതാനന്ദൻ നടത്തിയ വാർത്താസമ്മേളനത്തിൽ രണ്ട് പീഡന കേസുകളിലും സിപിഎം നേതാക്കൾക്കും മക്കൾക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിയതാണ്.ഈ കേസുകളിലെ പ്രമുഖൻമാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു വോട്ടു പിടിച്ച് അധികാരത്തിൽവന്ന വിഎസ് അച്യുതാനന്ദൻ ഭരണം കിട്ടിയതിനുശേഷം രാഷ്ട്രീയലാഭം നോക്കി യഥാർത്ഥ പ്രതികളെ പ്പറ്റി മൗനം ഭജിച്ചതും സ്ത്രീവിരുദ്ധ നിലപാട് തന്നെയാണ്. ഈ പീഢന കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾക്കും മക്കൾക്കും പങ്കുണ്ടെന്നും കേസ് തെളിയും എന്നായപ്പോൾ ഇരകളെ കൊന്ന് തള്ളി തെളിവുകൾ നശിപ്പിച്ചു എന്നുള്ളത് കേരളം മുഴുവൻ അറിയാവുന്ന രഹസ്യമാണ്.

    സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കന്മാർ പോലും പാർട്ടി ഓഫീസിനകത്ത് വച്ച് പീഡിപ്പിക്കപ്പെടുന്നു. കണ്ണൂർ, കോഴിക്കോട്, കാസർകോട് പാർട്ടി ഓഫീസുകളിൽ നിന്നും കൊലപാതകരാഷ്ട്രീയത്തിന് ആധാരമായ വടിവാളുകളുടെ ചിലമ്പൊലിയാണ് കേട്ടിരുന്നെങ്കിൽ ഇപ്പോൾ പാർട്ടി ഓഫീസുകളിൽ നിന്നും ഉയരുന്നത് സ്ത്രീകളുടെ നിലവിളികളാണ്.കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയിൽ തുടങ്ങുന്ന സ്ത്രീപീഡന കഥകൾ ഷൊർണൂർ എം എൽ എ പി കെ ശശിയിലും തുടർന്ന് രണ്ടാഴ്ചകൾക്ക് മുമ്പ് സർക്കാർ 108 ആംബുലൻസിൽ വച്ച് കൊറോണ ബാധിച്ച യുവതിയെ പീഡിപ്പിച്ച പാർട്ടിക്കാരൻ നൗഫലിലും കൊവിഡ് പരിശോധനാ ഫലം വാങ്ങുവാൻ വന്ന യുവതിയെ പീഡിപ്പിച്ച ഇടതു യൂണിയനിൽപെട്ട ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിലും വന്നുനിൽക്കുകയാണ്.

    സ്വന്തം പാർട്ടിയിലെ എംഎൽഎയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നും ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയുടെ ഭാര്യയെ പീഡിപ്പിച്ചു എന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ശശി 2011 ൽ പാർട്ടിയിൽ നിന്നും പുറത്താകുന്നത്.2012 ൽ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കൽ ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയിൽ പകർത്തിയ വിവാദവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെടുന്നു.യുവതിയെ കൂട്ട ബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ വടക്കാഞ്ചേരിയിൽ സിപിഎം നേതാവും കൗൺസിലറുമായ പി എൻ ജയന്തൻ പാർട്ടിയിൽ നിന്നും പുറത്തായി .തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിലെ ഡി.വൈ.എഫ്.ഐ നേതാവായ ജീവൻലാൽ എം.എൽ.എ ഹോസ്റ്റലിൽ വച്ച് ഡി.വൈ.എഫ്.ഐ ഭാരവാഹികൂടിയായ യുവതിയെ പീഡിപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന പരാതിയിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു.

    പാലക്കാട് ജില്ലയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണൂരിൽ കാണപ്പെട്ട ചോരക്കുഞ്ഞിന്റെ ചിതലരിക്കപ്പെട്ട ജഢത്തിൻറെ അന്വേഷണം ചെന്നെത്തിയത് ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിലായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ എസ്.എഫ്.ഐ കാരിയായ പെൺകുട്ടി കോളേജ് മാഗസിന്റെ പരസ്യത്തിനു വേണ്ടി സി.പി.എം യുവ നേതാവിനെ സമീപിച്ചതിനെ തുടർന്ന് പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ട് പ്രസവിച്ച കുഞ്ഞിന്റെ ജഡം ആയിരുന്നു മങ്കരയിൽ കണ്ടെടുത്തത്. പിണറായി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ യുവതിയുമായുള്ള അശ്ശീല ഫോൺ സംഭാഷണത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്നത് സർക്കാരിനും പാർട്ടിക്കും നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു . ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായ പി കെ ശശിക്കെതിരെ വനിതാ നേതാവ് നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചത് കേരളമാകെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു പീഢന വിഷയമായിരുന്നു.

    ലോകത്തിൽ ആദ്യമായി കൊറോണ രോഗിയായ യുവതിയെ പീഡിപ്പിച്ചു എന്ന കാര്യത്തിൽ കേരളം നമ്പർ വൺ ആയിരിക്കുകയാണ്. ജീവന്റെ വിലയുള്ള ജാഗ്രതയാണ് വേണ്ടത് എന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും കൊറോണ രോഗിയായ യുവതി സർക്കാർ ആംബുലൻസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നത് സർക്കാരിന്റെ ജാഗ്രത കുറവും കഴിവുകേടുമാണ്. അതുമാത്രമല്ല കൊവിഡ് പരിശോധനാഫലം വാങ്ങിക്കുവാൻ വന്ന യുവതിയെ സർക്കാർ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതും നമ്മുടെ കേരളത്തിലാണ്.യുവതിയെ 108 ആംബുലൻസിൽ വച്ച് പീഡിപ്പിച്ചതും പരിശോധനാഫലം വാങ്ങിക്കുവാൻ വന്ന യുവതിയെ സർക്കാർ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതും കേരളത്തിലാണ് എന്നുള്ള വസ്തുത കേരളജനതയെ ലോക ജനതയ്ക്ക് മുന്നിൽ നാണം കെടുത്തിയ സംഭവമായിരുന്നു.

    കേരളത്തിൽ ഇടതുപക്ഷം ആവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപീഡനത്തിന്റെയും സ്ത്രീവിരുദ്ധ നിലപാടിന്റെയും അവസാനത്തെ ഇരയായി നെയ്യാറ്റിൻകര സ്വദേശിനിയും സിപിഎം പാർട്ടിയുടെ സജീവ പ്രവർത്തകയുമായ ആശ എന്ന വീട്ടമ്മ മാറിയിരിക്കുകയാണ്.കഴിഞ്ഞ 15 വർഷക്കാലമായി പാർട്ടിക്കുവേണ്ടി കഠിനാധ്വാനം നടത്തി പ്രവർത്തിക്കുന്ന ആശ എന്ന വനിതാ നേതാവ് പ്രാദേശിക സിപിഎം നേതാക്കന്മാരുടെ ശാരീരിക മാനസിക പീഡനത്തെ തുടർന്ന് താൻ പ്രവർത്തിച്ച പ്രസ്ഥാനത്തിൻറെ പേരിലുള്ള കെട്ടിടത്തിൽ തന്നെ ജീവനൊടുക്കിയ സംഭവം കേരള ജനത ഞെട്ടലോടയാണ് കണ്ടത്.ആശയുടെ ആത്മഹത്യാകുറിപ്പ് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കെതിരെയുള്ള കുറ്റപത്രമാണ്. ഇത്തരം സംഭവങ്ങൾ എല്ലാം തന്നെ മാർക്സിസ്റ്റ് പാർട്ടിയുടെ സാംസ്കാരിക ജീർണ്ണതയാണ് സൂചിപ്പിക്കുന്നത്. 

    ഇന്ന് കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുകയാണ്. കേരളത്തിൽ സ്ത്രീപീഡനക്കേസുകൾ ഇത്രയധികം ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാലം ഉണ്ടായിരിക്കില്ല. പ്രത്യയ ശാസ്ത്രം നഷ്ടപ്പെട്ട മാർക്സിസ്റ്റുകാർ നേതൃത്വം കൊടുക്കുന്ന കേരള സർക്കാർ ജനവിരുദ്ധ നിലപാടുകളുമായി അഴിമതി നടത്തി കോടികൾ നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയുള്ളനെട്ടോട്ടത്തിലാണ്.കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയ പ്രസ്ഥാനമായി മാറി കഴിഞ്ഞിരിക്കുന്നു സ്ത്രീപീഡനങ്ങളെ തീവ്രത കുറഞ്ഞ പീഡനങ്ങളായും, ആര്‍ട്ട് ഇന്‍സ്റ്റലേഷനുമായുമൊക്കെ ലഘൂകരിക്കാനാണ് ഇടതുപക്ഷം എപ്പോഴും ശ്രമിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടി വാദിക്കേണ്ട വനിതാ കമ്മീഷൺ പോലും പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു.പാർട്ടി നേതാക്കന്മാർ പ്രതികളാകുന്ന സ്ത്രീ പീഡനകേസുകളിൽ വനിതാ കമ്മീഷൻ കാണിക്കുന്ന നിസ്സംഗതയെ പറ്റി ചോദിച്ചപ്പോൾ കമ്മീഷൻ അധ്യക്ഷ ശ്രീമതി എം.സി.ജോസഫൈൻ പറഞ്ഞ " സിപിഎം ആണ് കോടതിയും പോലീസ് സ്റ്റേഷനും " എന്നത് സൂചിപ്പിക്കുന്നത് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുമ്പോൾ സ്ത്രീകൾക്ക് നീതി ലഭിക്കുകയില്ല എന്ന വസ്തുത തന്നെയാണ്.സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കന്മാരെ പോലും സംരക്ഷിക്കാൻ കഴിയാത്ത ഈ സർക്കാരിൻറെ കീഴിൽ സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ എത്രകണ്ട് സുരക്ഷിതമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.