• Breaking News

    കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

    Protests against the Agricultural Ordinance intensify; The bills may not be introduced in the Rajya Sabha today , www.thekeralatimes.com

    വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്ന സാഹചര്യത്തില് ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധം തുടരുന്നതിനിടെ ബില്ലുകള്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.

    പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് പഞ്ചാബില്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹി ജന്ദര്‍ മന്തറിലും സമരങ്ങള്‍ നടക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ കര്‍ഷക സമ്മര്‍ദ്ദം കൊണ്ട് കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു. രാജി വെച്ച് കൊണ്ട് ഹര്‍സിമ്രത്ത് കൌര്‍ പറഞ്ഞത് തന്‍റെ പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നാണ്.

    ഈ സാഹചര്യത്തില്‍ സമവായം ഉണ്ടാക്കിയ ശേഷം ബില്ല് രാജ്യസഭയില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം ബില്ലിനെ അനുകൂലിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ബില്ലിന്റെ പേരില്‍ പ്രതിപക്ഷം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മോദി ആരോപിച്ചത്. ബില്ലുകള്‍ കര്‍ഷകരുടെ ഗുണം മാത്രം മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

    പാപ്പരത്ത നിയമഭേദഗതി, ബാങ്കിംഗ് നിയന്ത്രണ ബില്‍ തുടങ്ങിയവ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കും. സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇന്നും യുഡിഎഫ് എംപിമാര്‍ നോട്ടീസ് നല്‍കും