• Breaking News

    ‘ഈ രീതിയാണ് പിൻതുടരുന്നതെങ്കിൽ പാർട്ടി ഭരണഘടന തന്നെ മാറ്റട്ടെ’, കോൺഗ്രസ് പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് കപിൽ സിബൽ

    Kapil Sibal expresses dissatisfaction with the reorganization of the Congress, saying, "If this method is followed, let the party constitution itself be changed." , www.thekeralatimes.com

    കോൺഗ്രസിനകത്ത് പുനഃസംഘടനയുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുന്നു. പാർട്ടിയിൽ  അടിമുടി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ച ഹൈക്കമാൻഡ് നടപടികളിൽ പ്രതിഷേധവുമായി കപിൽ സിബൽ രംഗത്ത്.  എ.ഐ.സിസി ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരരുദ്ധമായാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇതാണ് കോണ്‍ഗ്രസ് പിന്തുടരുന്ന രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, പുനഃസംഘടനയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനാണ് ശ്രമിച്ചതെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വിശദീകരിക്കുന്നത്.  യുവനേതാക്കൾക്കും കൃത്യമായി പ്രാതിനിധ്യം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കും യുവനേതാക്കൾക്കുമിടയിലെ ഭിന്നത പരമാവധി പരിഹരിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. പുനഃസംഘടനയോടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനായിരുന്നു ശ്രമമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

    അതേസമയം, കേരളത്തിന്‍റെ ചുമതലയിൽ നിന്ന് വർക്കിംഗ് കമ്മിറ്റി അംഗമായ മുകുൾ വാസ്നികിനെ മാറ്റിയത് നേതൃത്വത്തിന്‍റെ തീരുമാനമല്ല, അദ്ദേഹത്തിന്‍റെ സ്വന്തം തീരുമാനമാണെന്നാണ് ഹൈക്കമാൻഡ് പറയുന്നത്. കേരളത്തിന്‍റെ ചുമതലയിൽ നിന്ന് മാറാൻ വാസ്നിക് ഇങ്ങോട്ട് താൽപ്പര്യം അറിയിച്ചതാണ്. കേരളത്തിൽ നിന്ന് മൂന്ന് പേർ ഇപ്പോൾത്തന്നെ പ്രവർത്തകസമിതിയിൽ ഉള്ളതിനാലാണ് ശശി തരൂരിനെ പരിഗണിക്കാത്തതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി നേതൃത്വത്തിന് അപ്രിയമായേക്കാവുന്ന പല പ്രസ്താവനകളും തരൂർ നടത്തിയതിൽ വിവാദങ്ങളുയർന്നിരുന്നതാണ്. നിലവിൽ ഒരു ഭാരവാഹി തെരഞ്ഞെടുപ്പിന് സാഹചര്യമില്ലെന്നും, എന്നാൽ കൃത്യമായ ഒരു സംഘടനാ ചട്ടക്കൂടുണ്ടാക്കേണ്ടത് അനിവാര്യമായതിനാൽ, നോമിനേഷനിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നത്.

    ഒരു ശക്തമായ നേതൃത്വമില്ലെങ്കിൽ പാർട്ടി തകർന്നടിയുമെന്ന് കാണിച്ച്, 23 മുതിർന്ന നേതാക്കൾ സോണിയാഗാന്ധിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ്, പാർട്ടിയിൽ കാര്യമായ പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയത്. നിലവിൽ അധ്യക്ഷയായ സോണിയാഗാന്ധിയെ ദിവസം തോറുമുള്ള പ്രവർത്തനങ്ങളിൽ സഹായിക്കാനായി അഞ്ചംഗസംഘത്തെ നിയമിച്ചു. എകെ ആന്‍റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി, കെ സി വേണുഗോപാൽ, മുകുൾ വാസ്നിക്, രൺദീപ് സിംഗ് സുർജേവാല എന്നിവരെ അംഗങ്ങളായി നിശ്ചയിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പുതിയ പാർട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പുനഃസംഘടിപ്പിച്ചു. മധുസൂദൻ മിസ്ത്രി ഇതിന്‍റെ അധ്യക്ഷനായി, രാജേഷ് മിശ്ര, കൃഷ്ണ ബയ്‍രെ ഗൗഡ, എസ് ജോതിമണി, അരവിന്ദർ സിംഗ് ലവ്‍ലി എന്നിവർ അംഗങ്ങളായി. പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു. ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് ഗുലാം നബി ആസാദിനെയും മല്ലികാർജുൻ ഖർഗെയെയും ഒഴിവാക്കിയത് അദ്ഭുതത്തോടെയാണ് പലരും കണ്ടത്. എന്നാലിവരെ പ്രവർത്തകസമിതിയിൽ നിലനിർത്തുകയും ചെയ്തു. സുർജേവാലയും ജിതേന്ദ്രസിംഗും, താരിഖ് അൻവറും പുതിയ ജനറൽ സെക്രട്ടറിമാരായി. താരിഖ് അൻവറിനാണ് കേരളത്തിന്‍റെ ചുമതല.