• Breaking News

    ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷം; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

    Opposition says it will co-operate if lockdown is imposed; CM calls all-party meeting , www.thekeralatimes.com

    തിരുവനന്തപുരം:
    സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, ഡി.ജി.പി, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ സംബന്ധിക്കും.

    കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിയന്ത്രണ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

    കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രതിദിന രോഗബാധ 7000 ത്തിന് മുകളിലാണ്. വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാവുന്ന സാഹചര്യമാണെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യമന്ത്രി ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

    മിക്ക ജില്ലകളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. ഒരാഴ്ചക്കിടെ മാത്രം 6550 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

    കൊവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത്തരം നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചത്. തിരുവനന്തപുരത്ത് രണ്ട് താലൂക്കുകള്‍ പൂര്‍ണമായും അടച്ചിടണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

    പൊതുഗതാഗതം നിരോധിക്കണം, സ്വകാര്യ വാഹന യാത്ര നിയന്ത്രിക്കണം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഫലപ്രദമല്ലാത്തതിനാല്‍ നിയന്ത്രണം വാര്‍ഡ് തലത്തിലേക്ക് വ്യാപിപ്പിക്കണം സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമേ അനുവദിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്.