രാംവിലാസ് പാസ്വാന്‍ ആശുപത്രിയില്‍; 'പാര്‍ട്ടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ചിരാഗ് പാസ്വാന്': മകന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് പാസ്വാന്‍
ന്യൂഡൽഹി: രോഗബാധിതനായി താന്‍ ആശുപത്രിയിലായതിനാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം മകന്‍ ചിരാഗ് പാസ്വാനാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.പിയുടെ സഖ്യം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് ചിരാഗ് തന്നെയായിരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവന്റെ എല്ലാ തീരുമാനത്തിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടിയെ ഉയരത്തിലേക്ക് എത്തിക്കാനും ബീഹാറിനെ മുന്നോട്ട് നയിക്കാനും ചിരാഗിന് കഴിയുമെന്നുറപ്പുണ്ട്- പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.പി സഖ്യചേരുന്നത് സംബന്ധിച്ച തീരുമാനത്തെയും പസ്വാന്‍ പിന്തുണച്ചു. അതേസമയം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് എന്‍.ഡി.എ വിടുമെന്ന നിലയിലാണ് എല്‍.ജെ.പി അംഗങ്ങള്‍.
അടുത്തിടെ നടന്ന എല്‍.ജെ.പിയുടെ പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്ത നിരവധി പേര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്‍.ഡി.എ യുടെ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ നിതീഷിനെതിരെയുള്ള പരസ്യ പ്രസ്താവനകള്‍ എല്‍.ജെ.പി ഒഴിവാക്കിയിരുന്നു. സെപ്റ്റംബര്‍ 15 ന് പാര്‍ട്ടി അംഗങ്ങളുടെ നിര്‍ണ്ണായക യോഗം നടക്കാനിരിക്കെയാണ്. സഖ്യം ചേരുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം ബീഹാര്‍ മുഖ്യമന്ത്രിയ്ക്ക് എതിരല്ല തങ്ങളെന്നും പാസ്വാന്റെ സംഘടന ആഗ്രഹിക്കുന്ന ഏത് തീരുമാനവും എടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ജെ.ഡി.യു പറഞ്ഞു. തിങ്കളാഴ്ച നടന്ന യോഗത്തിലായിരുന്നു പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. നിതീഷ് കുമാറിന്റെ കീഴില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. അതില്‍ ആശയക്കുഴപ്പം ഉണ്ടാകരുത്. തുടരാന്‍ താല്പര്യമില്ലെങ്കില്‍ പുറത്ത് പോകാനുള്ള സ്വതന്ത്ര്യം എല്‍.ജെ.പിക്ക് ഉണ്ട് – ജെ.ഡി (യു) സെക്രട്ടറി ജനറല്‍ കെ.സി.ത്യാഗി പറഞ്ഞു.

